ക്വാലാലംപൂർ: കാശ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരെ പ്രസ്താവന ഇറക്കിയ മലേഷ്യയ്ക്ക് ഇന്ത്യ നൽകിയ മറുപടി വ്യാപാര മേഖലയിൽ തിരിച്ചടിയാകുന്നു. ഐക്യരാഷ്ട്ര സഭയുടെ യോഗത്തിലാണ് കാശ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരായി മലേഷ്യ രംഗത്തെത്തിയത്. കശ്മീരിൽ ഇന്ത്യ കടന്നുകയറ്റം നടത്തിയെന്നും, പാകിസ്ഥാനുമായി ചേർന്ന് അത് പരിഹരിക്കണമെന്നുമാണ് മലേഷ്യ ആവശ്യപ്പെട്ടിരുന്നത്. ഇതിന് പിന്നാലെ ഇന്ത്യ മലേഷ്യക്കെതിരെ വ്യാപാര മേഖലയിൽ ശക്തമായി പിടിമുറുക്കുകയായിരുന്നു. മോദിയുടെ സമ്മർദ്ദഫലമായി മലേഷ്യയിൽ നിന്നുള്ള പാമോയിൽ ഇറക്കുമതി വ്യാപാരികൾ അവസാനിക്കുകയും ചെയ്തു.
ഇത് ഫലം കണ്ടെന്നാണ് സൂചന. ഇന്ത്യയുമായി പിണക്കം മാറ്റാൻ മലേഷ്യൻ പ്രധാനമന്ത്രി മഹാധീർ ബിൻ മുഹമ്മദ് ചർച്ചയ്ക്ക് ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. എന്നാൽ ഇന്ത്യ ഇക്കാര്യത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടില്ല. ഇന്ത്യക്കെതിരായ പ്രസ്താവനയെ തുടർന്ന് സോഷ്യൽ മീഡിയയിൽ 'ബോയ്‌ക്കോട്ട് മലേഷ്യ' എന്ന ഹാഷ്ടാഗോടെ ക്യാമ്പയിൻ ആരംഭിച്ചിരുന്നു. തുർക്കി, മലേഷ്യ എന്നിവരുമായി യാതൊരു വിധ വ്യാപാര ബന്ധവും വേണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ ദേശീയവാദികൾ ഉയർത്തിയത്. ഇതിനെ തുടർന്നാണ് മലേഷ്യക്കെതിരെ വ്യാപാര മേഖലയിൽ ഇന്ത്യ പിടിമുറുക്കിയത്.
ഇന്ത്യയുടെ നിലപാട് മലേഷ്യയെ പ്രതിരോധത്തിലാക്കി. യാതൊരു മുന്നറിയിപ്പും ഇല്ലാതെ ഇറക്കുമതി റദ്ദാക്കിയത് മലേഷ്യൻ സർക്കാരിനെ ഞെട്ടിച്ചു. വ്യാപാര ബന്ധം വേണ്ടെന്ന പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും വ്യാപാര, ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങൾ വ്യാപാര കേന്ദ്രങ്ങളെ രഹസ്യമായി അറിയിച്ചിരിക്കുകയാണ്. മലേഷ്യയുടെ വളർച്ചയ്ക്കും വ്യാപാരത്തിലും തിരിച്ചടിയുണ്ടാകുമെന്ന് ഭയമാണ് മഹാധീറിനുള്ളത്. നയതന്ത്ര തലത്തിൽ ഇന്ത്യയുമായി ബന്ധപ്പെടാനാണ് മലേഷ്യയുടെ തീരുമാനം. മലേഷ്യയിൽ നിന്ന് ആഭ്യന്തര ആവശ്യങ്ങൾക്കുള്ള എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അതുകൊണ്ട് തന്നെ ഇന്ത്യയുമായുള്ള പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാവുമെന്നാണ് മലേഷ്യൻ പ്രധാനമന്ത്രിയുടെ വിശ്വാസം.