ന്യൂഡൽഹി : വെബ്ക്യാമുകൾ വഴി പിടിച്ചെടുത്ത ലൈംഗിക വീഡിയോകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തെക്കുറിച്ച് മുന്നറിയിപ്പുമായി സൈബർ വിദഗ്ദ്ധർ. ഇത്തരം സംഘങ്ങൾ ഇൻബോക്സുകളിലേക്ക് മണിക്കൂറിൽ 30,000 ‘സെക്‌സ്‌റ്റോർഷൻ’ മാൽവെയർ ഇമെയിലുകൾ അയയ്‌ക്കുന്നുവെന്ന് റിപ്പോർട്ട്. ഇതുവരെ അത്തരം 2.7 കോടി ഇമെയിലുകൾ നിരപരാധികൾക്ക് അയച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.
ഗ്ലോബൽ സൈബർ സുരക്ഷ കമ്പനിയായ ചെക്ക് പോയിന്റ് കഴിഞ്ഞ അഞ്ച് മാസമായി നടത്തിയ ഗവേശണ റിപ്പോർട്ട് അനുസരിച്ച് ഫോർപിക്‌സ് (ട്രൈക്ക്) ബോട്ട്‌നെറ്റ് ആണ് മണിക്കൂറിൽ 30,000 സെക്‌സ്‌റ്റോർഷൻ ഇമെയിലുകൾ അയക്കുന്നതെന്ന് കണ്ടെത്തി. ഇന്റർനെറ്റ് ഉപയോഗത്തിൽ അത്ര പരിചയമില്ലാത്തവരെ ലക്ഷ്യമിട്ടാണ് ഇവരുടെ പ്രവർത്തനം.
ഈ അഞ്ചുമാസത്തിനുള്ളിൽ ഫോർപിക്സ് സെക്‌സ്‌റ്റോർഷന്റെ വാലറ്റുകളിലേക്ക് എത്തിയത് 110,000 ഡോളറിൽ കൂടുതൽ പണമാണെന്നും കമ്പനി പറഞ്ഞു. ഒരുവ്യക്തിയയുമായി ബന്ധപ്പെട്ട ലൈംഗിക വീഡിയോ തങ്ങളുടെ കൈവശം ഉണ്ടെന്നും പണം നൽകാൻ തയാറെല്ലെങ്കിൽ അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇമെയിൽ അയക്കുകയാണ് ഇവരുടെ പതിവ്. ഇങ്ങനെ നിരപരാധികളായവർക്ക് ദശലക്ഷക്കണക്കിന് ഭീഷണികൾ അയക്കുന്നതിന് ബോട്ട്നെറ്റ് നിയന്ത്രണത്തിലുള്ള ആയിരക്കണക്കിന് സെർവറുകളെയാണ് ഉപയോഗിക്കുന്നത്.
ഫോർപിക്സ് (അക്ക ട്രിക്ക്) ബോട്ട്‌നെറ്റ് ഒരു ദശാബ്ദത്തോളമായി സജീവമാണ്. നിലവിൽ ഇതിനായി 450,000 ത്തിലധികം സർവറുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മുൻകാലങ്ങളിൽ ഗാൻഡ്‌ക്രാബ്, പോണി, പുഷ്ഡോ എന്നിവയുൾപ്പെടെ മറ്റ് പല മാൽവെയറുകൾ വിതരണം ചെയ്തുകൊണ്ടാണ് ഫോർപിക്സ് പണം തട്ടിയിരുന്നത്. അടുത്തിടെയാണ് ഫോർപിക്സ് ഇത്തരം ഭീഷണിയുമായി ഇവ രംഗത്തെത്തിയത്.