case-diary-

ലോകത്തെ ഞെട്ടിച്ചിരുന്ന ഏറ്റവുംവലിയ ബാലലൈംഗിക ചൂഷണ ശൃംഖലകളിലൊന്നിന് പിടിവീണു.
അമേരിക്കൻ, ബ്രിട്ടിഷ്, ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥർ ബുധനാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് ചൈൽഡ് പോർണോഗ്രഫി വെബ്സൈറ്റുകളിലൊന്നായ വെൽകം ടു വീഡിയോ തകർത്തതായി പ്രഖ്യാപിച്ചത്. 015 ജൂണിൽ ആരംഭിച്ച് ബിറ്റ്കോയിൻ ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന രഹസ്യ സൈറ്റാണിത്. ദക്ഷിണ കൊറിയൻ അധികൃതർ പിടിച്ചെടുത്ത ഒരു സെർവറിന്റെ വിശകലനത്തിൽ വെബ്‌സൈറ്റിന് 10 ലക്ഷത്തിലധികം ബിറ്റ്കോയിൻ വിലാസങ്ങളുണ്ടെന്ന് വെളിപ്പെടുത്തി. ഇത് വെബ്‌സൈറ്റിന് കുറഞ്ഞത് 10 ലക്ഷം ഉപയോക്താക്കൾക്കെങ്കിലും ശേഷിയുണ്ടെന്ന് സൂചിപ്പിക്കുന്നു.

വെബ് സൈറ്റിന്റെ ഉപയോക്താക്കൾ അതിക്രൂരമായി ദുരുപയോഗം ചെയ്തിരുന്ന അമേരിക്ക, സ്പെയിൻ, ബ്രിട്ടൻ എന്നിവിടങ്ങളിൽ താമസിക്കുന്ന 23 പ്രായപൂർത്തിയാകാത്ത ഇരകളെ രക്ഷപ്പെടുത്താൻ ഈ ഓപ്പറേഷൻ വഴി സാധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഓപ്പറേഷന്റെ ഫലമായി ഏകദേശം എട്ട് ടെറാബൈറ്റ് കുട്ടികളുടെ ലൈംഗിക ചൂഷണ വീഡിയോകൾ പിടിച്ചെടുത്തു.

മുതിർന്നവരുടെ ലൈംഗികദൃശ്യങ്ങൾ അപ്‍ലോഡ് ചെയ്യരുതെന്ന നിർദേശത്തോടെയാണു സൈറ്റിൽ അംഗങ്ങളെ ചേർത്തിരുന്നതെന്നു യു.എസ് പ്രോസിക്യൂട്ടർമാർ കോടതിയെ അറിയിച്ചു. മറ്റെവിടെയും ലഭ്യമല്ലാത്ത 2.5 ലക്ഷത്തിലധികം വിഡിയോ ഫയലുകളാണ് കണ്ടെത്തിയത്. യുഎസിനൊപ്പം കൊറിയ, ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളും സൈറ്റിനെതിരെ രഹസ്യ ഓപ്പറേഷൻ നടത്തിയത്.

അലബാമ, അർക്കൻസാസ്, കാലിഫോർണിയ, കണക്റ്റിക്കട്ട്, ഫ്ലോറിഡ, ജോർജിയ, കൻസാസ്, ലൂസിയാന, മേരിലാൻഡ്, മസാച്യുസെറ്റ്സ്, നെബ്രാസ്ക, ന്യൂജേഴ്‌സി, ന്യൂയോർക്ക്, നോർത്ത് കരോലിന, ഒഹായോ, ഒറിഗോൺ, പെൻ‌സിൽ‌വാനിയ, റോഡ്, ഐസ്‌ലൻഡ്, സൗത്ത് കരോലിന, ടെക്സസ്, യൂട്ട, വിർജീനിയ, വാഷിങ്ടൺ സ്റ്റേറ്റ്, വാഷിംഗ്ടൺ ഡിസി എന്നിവിടങ്ങളിൽ നിന്നായി 337 ബാല അശ്ലീല വിഡിയോകളുടെ ഉപയോക്താക്കളെ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്..

യുകെ, ദക്ഷിണ കൊറിയ, ജർമ്മനി, സൗദി അറേബ്യ, യുഎഇ, ചെക്ക് റിപ്പബ്ലിക്, കാനഡ, അയർലൻഡ്, സ്പെയിൻ, ബ്രസീൽ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നും ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഐ‌.ആർ‌.എസ്, എച്ച്.എസ്.ഐ, യുണൈറ്റഡ് കിംഗ്ഡത്തിലെ നാഷണൽ ക്രൈം ഏജൻസി, ദക്ഷിണ കൊറിയയിലെ കൊറിയൻ നാഷണൽ പൊലീസ് എന്നിവയിൽ നിന്നുള്ള ഏജന്റുമാർ ചേർന്നാണ് ചിലരെ അറസ്റ്റ് ചെയ്യുകയും ഡാർക്ക്നെറ്റ് മാർക്കറ്റ് പ്രവർത്തിപ്പിക്കാൻ ഉപയോഗിച്ചിരുന്ന സെർവർ പിടിച്ചെടുക്കുകയും ചെയ്തത്.2018 മാർച്ചിലാണു വെൽകം ടു വിഡിയോ സൈറ്റ് യു.എസ് അധികൃതരുടെ നിരീക്ഷണത്തിലായതും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും.