പാരീസ് : അടുത്ത വർഷത്തെ ഫ്രഞ്ച് ഓപ്പണിൽ താൻ കളിക്കുമെന്ന് വ്യക്തമാക്കി മുൻ ലോക ഒന്നാം നമ്പർ പുരുഷ ടെന്നിസ് താരം റോജർ ഫെഡറർ. 38കാരൻ ഫെഡറർ വരും വർഷം വിരമിക്കുമോ എന്ന ആരാധകരുടെ സന്ദേഹത്തിന് അറുതി വരുത്തിയാണ് തന്റെ ഭാവി തീരുമാനങ്ങൾ ഫെഡറർ വ്യക്തമാക്കിയത്.
മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഈ വർഷത്തെ ഫ്രഞ്ച് ഓപ്പണിൽ ഫെഡറർ കളിക്കുകയും സെമിയിലെത്തുകയും ചെയ്തിരുന്നു. അടുത്ത തവണയും ഫ്രഞ്ച് ഓപ്പണിൽ കളിക്കുമെന്ന് അറിയിച്ച ഫെഡറർ അതിനു മുമ്പ് കൂടുതൽ ടൂർണമെന്റുകളിൽ കളിക്കാനില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവിടാനായാണ് ഈ വിട്ടുനിൽക്കൽ.
അടുത്ത വർഷം നടക്കുന്ന ടോക്കിയോ ഒളിമ്പിക്സിലും വിംബിൾഡണിലും യു.എസ്. ഓപ്പണിലും പങ്കെടുക്കുന്ന കാര്യവും ഫെഡറർ അറിയിച്ചിട്ടുണ്ട്. 2016ലെ ഒളിമ്പിക്സിൽ ഫെഡറർ പങ്കെടുത്തിരുന്നില്ല. 2008ലെ ഒളിമ്പിക്സിൽ ഡബിൾസ് സ്വർണവും 2012 ഒളിമ്പിക്സിൽ സിംഗിൾസ് വെള്ളിയും നേടിയിരുന്നു. 20 ഗ്രാൻസ്ളാം കിരീടങ്ങളുടെ റെക്കാഡിന് ഉടമയാണ് ഫെഡറർ.