കൊൽക്കത്ത : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാനും ചേർന്നാണെന്ന് നിയുക്ത ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനേഷൻ നൽകിയശേഷം കൊൽക്കത്തയിലെത്തിയ സൗരവിന് നൽകിയ സ്വീകരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇടിയേറ്റ ബോക്സർ മരിച്ചു
ലോസാഞ്ചലസ് : ചിക്കാഗോയിൽ പ്രൊഫഷണൽ ബോക്സിംഗ് ചാമ്പ്യൻഷിപ്പിനിടെ ഇടിയേറ്റ് വീണ അമേരിക്കൻ ബോക്സർ പാട്രിക് ഡേയ്ക്ക് ദാരുണാന്ത്യം. ചാൾസ് കോൺവെല്ലുമായുള്ള മത്സരത്തിന്റെ പത്താം റൗണ്ടിലാണ് ഡേയ് ഇടിയേറ്റ് വീണുപോയത്. ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ വർഷം ജൂലായ്ക്ക് ശേഷം പരിക്കേറ്റ് മരിക്കുന്ന മൂന്നാമത്തെ പ്രൊഫഷണൽ ബോക്സറാണ് ഡേ.
അസ്ഹർ അലി പാക്
ടെസ്റ്റ് ക്യാപ്ടനായേക്കും
ലാഹോർ : പാകിസ്ഥാൻ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്ടൻ സ്ഥാനത്തുനിന്ന് സർഫ്രാസ് അഹമ്മദിനെ മാറ്റിയേക്കും. ടീമിന്റെ പുതിയ പരിശീലകനും മുൻ ക്യാപ്ടനുമായ മിസ്ബ ഉൽഹക്കിന് സർഫ്രാസിന്റെ പ്രകടനത്തിൽ വിശ്വാസമില്ലാത്തതാണ് മാറ്റത്തിന് കാരണം. സർഫ്രാസിന് പകരം മുൻനിര ബാറ്റ്സ്മാൻ അസ്ഹർ അലിയെ ക്യാപ്ടനാക്കാനാണ് മിസ്ബയ്ക്ക് താത്പര്യം. വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാനെ വൈസ് ക്യാപ്ടനാക്കിയേക്കും. ഏകദിനത്തിലും സർഫ്രാസിന്റെ ക്യാപ്ടൻസി തെറിക്കാനാണ് സാദ്ധ്യത. മുഹമ്മദ് ഹഫീസിനെയാണ് മിസ്ബ ഏകദിന ,ട്വന്റി-20 ക്യാപ്ടനായി കണ്ടുവച്ചിരിക്കുന്നത്.