
തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ മകനെതിരെ സിവില്‍ സര്‍വ്വീസ് പരീക്ഷാ അഭിമുഖ മാര്‍ക്കുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന ആരോപണങ്ങളില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 2017 ലെ സിവിൽ സർവ്വീസ് പരീക്ഷയിലാണ് ചെന്നിത്തലയുടെ മകന് അഭിമുഖ പരീക്ഷയിൽ അസാധാരണമാം വിധം ഉയർന്ന മാർക്ക് ലഭിച്ചിരിക്കുന്നത്. 2017 ലെ സിവിൽ സർവ്വീസ് എഴുത്ത് പരീക്ഷയിൽ രമേഷ് ചെന്നിത്തലയുടെ മകന് കിട്ടിയ മാർക്ക് 828 ആയിരുന്നു. ഒന്നാം റാങ്ക് നേടിയ ദുരൈഷെട്ടി അനുദീപിന് 950 മാർക്കു മുണ്ടായിരുന്നു. എഴുത്തുപരീക്ഷയിൽ 608-ാം റാങ്കുകാരനായിരുന്ന പ്രതിപക്ഷ നേതാവിന്റെ മകൻ അഭിമുഖ പരീക്ഷയിൽ അസാധാരണമായി വർധിച്ച മാർക്ക് നേടിയാണ് 206-ാം റാങ്കിലേക്ക് എത്തിയത്.- ഡി.വൈ.എഫ്.ഐ പത്രക്കുറിപ്പിൽ പറയുന്നു.
എഴുത്തുപരീക്ഷയിൽ ചെന്നിത്തലയുടെ മകനേകൾ മാർക്ക് ലഭിച്ച 394 പേർ അവസാന റാങ്ക് ലിസ്റ്റിൽ രമിത്തിന് പിറകിലായി. അഭിമുഖത്തിലെ മാർക്കു കൊണ്ട് മാത്രമാണ് ചെന്നിത്തലയുടെ മകൻ റാങ്ക് ലിസ്റ്റിൽ മുന്നിലെത്തിയതെന്ന് വ്യക്തമാണ്. ആരോപണങ്ങൾ വളരെ ഗുരുതരമാണ്. ഉയർന്നു വന്ന ആരോപണങ്ങൾക്ക് രമേഷ് ചെന്നിത്തല മറുപടി പറയണം. ഉന്നത ഇടപെടലുകൾ ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്ന സംശയങ്ങൾ ബലപ്പെടുത്തുന്നതാണ് പുറത്തു വരുന്ന വാർത്തകൾ.
അക്കാലത്ത് കെ.പി.സി.സി അദ്ധ്യക്ഷനായിരുന്ന എം.എം ഹസൻ നടത്തിയ വാർത്താസമ്മേളനത്തിനിടയിൽ ചെന്നിത്തലയുടെ കേരളത്തിലെ അസാനിധ്യം ചൂണ്ടിക്കാട്ടിയ മാദ്ധ്യമ പ്രവർത്തകരോട് മകന്റെ സിവിൽ സർവീസ് പരീക്ഷയുമായി ബന്ധപ്പെട്ട് ഡൽഹിയിലാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഈ ഘട്ടത്തിൽ പ്രതിപക്ഷ നേതാവ് ആരെയൊക്കെ കണ്ടു , ആരൊക്കെയുമായി ഫോണിൽ ബന്ധപ്പെട്ടു എന്നതും അന്വേഷണ വിധേയമാക്കണം. സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ ഇത് പുറത്തു കൊണ്ടുവരാൻ സാധിക്കൂ. രാജ്യത്തെ ഞെട്ടിച്ച നീറ്റ് പരീക്ഷാ ക്രമക്കേടില്ലെന്ന പോലെ ഇതിലും സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്നും ഡി.വൈ.എഫ്. ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.