women-

ന്യൂഡൽഹി: വനിത മെഡിക്കൽ റെപ്രസന്റേറ്റീവിനെ തുടർച്ചയായി ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഡോക്ടർ അറസ്റ്റിലായി. സിറ്റി ഹോസ്പിറ്റലിലെ ഡോക്ടറാണ് പിടിയിലായത്.

മേയ് മാസംമുതൽ തന്നെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. മരുന്നുകളുടെ മാർക്കറ്റിംഗുമായി ബന്ധപ്പെട്ടാണ് ഡോക്ടറെ ആദ്യമായി യുവതി പരിചയപ്പെടുന്നത്. തുടർന്ന് കോഫി ഹൗസിൽ വച്ച് വീണ്ടും കണ്ടുമുട്ടി. അതിനിടെ ഡോക്ടർ വീട്ടിലെക്ക് ക്ഷണിച്ചു. ഇവിടെ വച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത്.

മുറിയിലേക്ക് ക്ഷണിച്ച ഡോക്ടർ കുടിക്കാന്‍ ശീതള പാനീയം നല്‍കി. ഇതിൽ മയക്കുമരുന്ന് കലർത്തിയിരുന്നുവെന്നും ബോധം നഷ്ടപ്പെട്ട തന്നെ ഡോക്ടർ പീഡിപ്പിച്ചുവെന്നും യുവതി ആരോപിക്കുന്നു. അതിനിടെ തന്റെ നഗ്നചിത്രങ്ങൾ ഡോക്ടർ പകർത്തിയതായും അതുപയോഗിച്ച് ബ്ലാക്ക്‌മെയിലിംഗ് ആരംഭിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നു.

നഗ്നചിത്രങ്ങൾ ഭർത്താവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പിന്നീടുളള മാസങ്ങളിലും യുവതിയെ ഡോക്ടർ തുടർച്ചയായി പീഡിപ്പിച്ചു എന്ന് പൊലീസ് പറയുന്നു. വിഷയം സുഹൃത്തിനോട് തുറന്നുപറഞ്ഞതോടെയാണ് ഡോക്ടർ അറസ്റ്റിലായത്. വിവരം പൊലീസിനെ അറിയിക്കാൻ സുഹൃത്ത് നിർദ്ദേശിച്ചതിനെ തുടർന്ന് യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു.