അതിരുകൾ
വടക്ക് വൈക്കവും ചേർത്തലയും കിഴക്ക് എം.സി റോഡും തെക്ക് പന്തളം, മാവേലിക്കര, പടിഞ്ഞാറ് കടൽത്തീരത്തോടുചേർന്നുള്ള പ്രദേശങ്ങളുമാണ് കുട്ടനാടിന്റെ അതിർത്തിയിൽ.
ചതുപ്പ് നിലങ്ങൾ
സമുദ്രനിരപ്പിൽനിന്ന് അഞ്ചുമുതൽ എട്ടടിവരെ താഴ്ചയാണ് കുട്ടനാടിന്. മുൻകാലങ്ങളിൽ കുട്ടനാടിന്റെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായിരുന്നു. 10-11 നൂറ്റാണ്ടുകളിൽ ചതുപ്പ് പ്രദേശമായിരുന്നു കുട്ടനാട്. ചതുപ്പ് പ്രദേശമായിരുന്ന കുട്ടനാട് നികത്തിയാണ് ഇവിടെ ജനങ്ങൾ താമസിച്ചത്.
'കരി" പ്പേരുകൾ
കുട്ടനാട്ടിലെ പല സ്ഥലങ്ങളുടെയും പേരുകളുടെ കൂടെ കരി എന്നുള്ളത് കാണാം. ഉദാഹരണമായി കൈനകരി, ചേന്നങ്കരി, രാമങ്കരി, മാമ്പഴക്കരി എന്നിങ്ങനെ കരി എന്നാൽ ചതുപ്പ് എന്നാർത്ഥം.
ജന്മികളുടെ നാട്
കൃഷിയുടെ വിളനിലമായ കുട്ടനാട് ജന്മികളുടെ നാടായിരുന്നു. ഇവർക്ക് ആശ്രിതൻമാരുമുണ്ടായിരുന്നു. ജന്മിമാരുടെ വീടുകളിൽ നെല്ലുസൂക്ഷിക്കാൻ പ്രത്യേക അറകളുണ്ടായിരുന്നു. ജന്മി-കുടിയാൻ ബന്ധം തീവ്രമായി നിലനിന്നിരുന്ന പ്രദേശമായിരുന്നു കുട്ടനാട്.
കേവു വള്ളങ്ങൾ
ഹൗസ് ബോട്ടുകളായി
കേവുവള്ളങ്ങളെ പരിഷ്കരിച്ചാണ് ഹൗസ് ബോട്ടുകളുണ്ടായത്. ചരക്കുകൊണ്ടുപോകാനുപയോഗിച്ചിരുന്ന വലിയ കെട്ടുവള്ളങ്ങളാണ് കേവുവള്ളങ്ങൾ എന്നറിയപ്പെടുന്നത്. ഉത്തരം വള്ളങ്ങൾ ഇപ്പോൾ ഉപയോഗിക്കാറില്ല.
വെള്ളപ്പൊക്കം പരിചിതമായ നാട്
കുട്ടനാടിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണം വെള്ളപ്പൊക്കം സാധാരണമാണ്. വലിയ വെള്ളപ്പൊക്കങ്ങൾക്ക് കുട്ടനാട് സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1884, 1924, 1964 ലും വെള്ളപ്പൊക്കം കുട്ടനാടിനെ മുക്കി.2018ലെ പ്രളയം വലിയ ദുരിതമുണ്ടാക്കി.
കുട്ടനാടിന്റെ ഭൂശാസ്ത്രം
കുട്ടനാട് എന്ന ഭൂപ്രദേശം മൂന്നു ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നു. കൃഷി, ഭൂപ്രകൃതി എന്നിവയുടെ അടിസ്ഥാനത്തിൽ കുട്ടനാടിനെ പലതായി തിരിച്ചിരിക്കുന്നു.
അപ്പർ കുട്ടനാട്, വൈക്കം, കായൽപ്രദേശങ്ങൾ, ലോവർ കുട്ടനാട്, വടക്കൻ കുട്ടനാട്, എന്നിവയാണ് ആ പ്രദേശങ്ങൾ.
കുട്ടനാടിന്റെ മുകൾഭാഗമാണ് അപ്പർ കുട്ടനാട്. കായൽ നികത്തിയുണ്ടാക്കിയ സ്ഥലങ്ങളാണ് കായൽ പ്രദേശങ്ങൾ.
ഒാണപ്പണിക്കാർ
കുട്ടനാട്ടിലെ ജന്മിമാരുടെ ആശ്രിതരായിരുന്നവരാണ് ഒാണപ്പണിക്കാർ. ജന്മിയിൽ നിന്നും പണം, നെല്ല് എന്നിവ ഒരുവർഷത്തേക്ക് കടംവാങ്ങും. വേലക്കടം എന്ന് വിളിക്കുന്ന ഇത് ലഭിച്ചുകഴിഞ്ഞാൽ പിന്നെ അടുത്ത ഒരുവർഷത്തേക്ക് ഇൗ കുടുംബത്തിന് മറ്റെങ്ങും പണിക്ക് പോകാൻ കഴിയില്ല. ജന്മിയുടെ ആശ്രിതനായി കഴിയേണ്ടിവരും.
കുട്ടനാടിനെ വളഞ്ഞ ആഫ്രിക്കൻ പായൽ
1960 ലാണ് തെക്കേ അമേരിക്കയിൽനിന്ന് ആഫ്രിക്കൻ പായൽ കേരളത്തിലെത്തിയത്. കുട്ടനാട്ടിലെ ജലാശയങ്ങളിൽ വ്യാപകമായ ഇൗ പായൽ ജലത്തിലൂടെയുള്ള യാത്രയെ വരെ ബാധിച്ചു. പിന്നീട് തെക്കേ അമേരിക്കയിൽ നിന്നുതന്നെ കൊണ്ടുവന്ന പ്രാണികളെ ഉപയോഗിച്ചാണ് ഇതിനെ നശിപ്പിച്ചത്.
പലതരം മീനുകൾ
മീനുകളുടെ കൂടി നാടാണ് കുട്ടനാട്. പലതരം മീനുകളെയും ഇവിടത്തെ കായലിൽ നമുക്ക് കാണാൻ കഴിയും. വാള, വയമ്പ്, കരിമീൻ, പള്ളത്തി, ചില്ലാൻ മുതലായ നിരവധിയിനം മീനുകൾ ഇവിടെ ലഭ്യമാണ്. പലതരം വലകൾ ഉപയോഗിച്ചാണ് ഇവിടെ മീൻ പിടിക്കുന്നത്. ഉടത്തമീൻ എന്നൊരു മീനുണ്ട്. ഇത് മഴയത്ത് ഒഴുക്കിനെതിരെ നീന്തിക്കേറി വരുന്ന മീനാണ്. ഇൗ മീനുകളെ പിടിക്കാനായി നദികളിലും തോടുകളിലും കുരുത്തോല കെട്ടും.
കൊതുമ്പുവള്ളങ്ങൾ
നമ്മൾ ബസിൽ സഞ്ചരിക്കുന്നത് പോലെയാണ് കുട്ടനാട്ടുകാർ വള്ളത്തിൽ സഞ്ചരിക്കുന്നത്. പണ്ട് കാലത്ത് പ്രത്യേകിച്ചും കൊതുമ്പുവള്ളങ്ങൾ സാധാരണമായിരുന്നു. കൊച്ചുവള്ളം, കൈവഞ്ചി, കൂരിത്തലയൻ, ചങ്ങാടം, ഒാടി, ആനഒാടി മുതലായവ ചില വള്ളങ്ങളാണ്.
നാടൻ പാട്ടുകൾ
കാർഷിക സംസ്കാരത്തിന്റെ ഇൗറ്റില്ലമാണ് കുട്ടനാട്. അതിനാൽ തന്നെ കൃഷിയുമായി ബന്ധപ്പെട്ട നിരവധി നാടൻ പാട്ടുകൾ പ്രചാരത്തിലുണ്ട്. ഒാരോ കൃഷി പണിക്കും ഒാരോ പാട്ടുണ്ട്. അത് പാടിയാണ് അവർ കൃഷി ചെയ്യുന്നത്. കൃഷി നിലമൊരുക്കൽ, ചക്രം ചവിട്ടൽ, ഞാറ് നടൽ, എന്നിങ്ങനെ പലവിധ പണികളാണ് കൃഷിപ്പണിയിൽ ഉള്ളത്. ഒാരോ ഘട്ടത്തിനുമനുസരിച്ച് ഒാരോ പാട്ടുകളും താളത്തിൽപ്പാടി കൃഷി ചെയ്യുമായിരുന്നു. കുട്ടനാടിന്റെ ജീവിതം നിറഞ്ഞുനിന്ന പാട്ടുകളായിരുന്നു അതൊക്കെ.
കുട്ടനാടിന്റെ എഴുത്തുകാർ
കുട്ടനാടിന്റെ എഴുത്തുകാരൻ ആരെന്ന് ചോദിച്ചാൽ സംശയമില്ലാതെ പറയുന്ന പേരാണ് തകഴി ശിവശങ്കരപ്പിള്ള. ഇദ്ദേഹത്തെ കൂടാതെ മറ്റുപല എഴുത്തുകാരും കുട്ടനാട്ടുകാരാണ്. കുട്ടനാട് രാമകൃഷ്ണപിള്ള, പി.കെ. പരമേശ്വരൻ നായർ, ആർ. നാരായണപ്പണിക്കർ, സാഹിത്യപഞ്ചാനൻ, പി.കെ. നാരായണപിള്ള, നാഗവള്ളി ആർ.എസ്. കുറുപ്പ്, അയ്യപ്പപണിക്കർ.
കുട്ടനാടിന്റെ സർവസ്വമാണ് വേമ്പനാട്ട് കായൽ. കൂടാതെ മീനച്ചിലാർ, മണിമലയാർ, അയ്യൻകോവിലാർ എന്നീ നദികൾ കുട്ടനാടിനെ സമ്പുഷ്ടമാക്കുന്നു.
തണ്ണീർമുക്കം ബണ്ട്
കുട്ടനാട്ടിലെ നെൽകൃഷിയെ ഉപ്പ് വെള്ളത്തിൽ നിന്ന് രക്ഷിക്കാൻ വേണ്ടി വേമ്പനാട് കായലിൽ നിർമ്മിച്ചതാണിത്.
പേരിന്റെ ചരിത്രം
കുട്ടവരുടെ നാടാണ് കുട്ടനാട് ആയതെന്നാണ് പറയപ്പെടുന്നത്. ആദിചേര രാജാക്കൻമാരുടെ തലസ്ഥാനമായിരുന്നു കുട്ടനാട്. ബുദ്ധമത സ്വാധീനമുള്ളതിനാൽ അത് വഴിയാണ് പേര് വന്നതെന്നാണ് നിഗമനം. ബുദ്ധന്റെ പ്രാദേശിക നാമമാണ് കുട്ടൻ. ചുട്ടനാടാണ് കുട്ടനാടായത് എന്നും പറയപ്പെടുന്നു. ഒരുകാലത്ത് നിബിഡവനമായിരുന്ന ഇവിടം കാട്ടുതീയിൽ ചുട്ടെരിഞ്ഞതിനാലാണ് ചുട്ടനാട് എന്ന പേര് വന്നത്.
തകഴിയുടെ 99 ലെ കഥ
വെള്ളപ്പൊക്കം കേരളത്തിലുണ്ടായ മഹാ വിപത്തായിരുന്നു. കൊല്ലവർഷം 1099 ന് ഉണ്ടായതിനാലാണ് 99 ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്നത്.
1924 ൽ മൂന്നാഴ്ചയോളം നീണ്ടുനിന്ന കനത്ത മഴ കാരണമാണ് അന്ന് വെള്ളപ്പൊക്കമുണ്ടായത്. നദികളിലൂടെ വന്ന വെള്ളവും കൊച്ചികായൽ കവിഞ്ഞൊഴുകിയതും കുട്ടനാട് വെള്ളപ്പൊക്കത്തിൽ മുങ്ങാൻ കാരണമായി.
ഒരാഴ്ച നീണ്ടുനിന്ന പ്രളയത്തിൽ ഒരുപാട് നാശനഷ്ടങ്ങളുണ്ടായി. ധാരാളംപേർ മരിച്ച ഇൗ വെള്ളപ്പൊക്കത്തെക്കുറിച്ച് തകഴിയെഴുതിയ കഥയാണ് 'വെള്ളപ്പൊക്കത്തിൽ".
കരുമാടിക്കുട്ടൻ
കേരള ചരിത്രത്തിൽ ബുദ്ധമത സ്വാധീനമുണ്ടായിരുന്നു എന്നതിന്റെ ഒരു തെളിവാണ് കരുമാടിത്തോട്ടിന്റെ കരയിൽനിന്നും ലഭിച്ച കരുമാടിക്കുട്ടൻ എന്ന ബുദ്ധ പ്രതിമ. ടിബറ്റിൽനിന്നും ദലൈലാമ ഇൗ വിഗ്രഹം കാണാൻ ഇവിടെയെത്തിയിരുന്നു. പീഠത്തിൽ സ്ഥാപിച്ചിരുന്ന വിഗ്രഹത്തിന് ഒരു കൈ നഷ്ടമായിട്ടുണ്ട്. പീഠമുൾപ്പെടെ മൂന്നടിയാണിതിന്റെ പൊക്കം.