shangumugam

കോവളം: കഴിഞ്ഞ ദിവസം വൈകീട്ട് തിരയ്ക്കൊപ്പം കരയിലേക്ക് വരുന്ന തിളങ്ങുന്ന മത്സ്യങ്ങളെ കണ്ട് വലിയ തുറയിലെയും ശംഖുമുഖത്തെയും ജനങ്ങൾ ഒന്ന് സ്തംഭിച്ചു. മത്തി ചാകരയാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രദേശവാസികളും വിനോദസഞ്ചാരികളും ഒരുപോലെ ആവേശത്തിലായി.

വലിയതുറയിലും ശംഖുമുഖത്തും വലിയതോതിലാണ് ജീവനുള്ള മത്തി കരയ്ക്കടിഞ്ഞത്. ഉച്ചമുതൽ മത്സ്യം തീരത്തടിയാൻ ആരംഭിച്ചെങ്കിലും കടൽ പ്രക്ഷുഭ്ദമായതിനാൽ ആരും ഇത് ശ്രദ്ധിച്ചിരുന്നില്ല.

സൂര്യസ്തമയത്തിന് ശേഷമാണ് ഇത് പ്രദേശവാസികളുടെയും വിനോദസഞ്ചാരികളുടെയും ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇവർ 'കടൽ അറിവുകളെന്ന' സോഷ്യൽ മീഡിയ കൂട്ടായ്മയിലെ അജിത് ശംഖുമുഖത്തെ വിവരമറിയിച്ചു. ഇദ്ദേഹം സംഭവസ്ഥലത്തെത്തി ഫേസ്ബുക്ക് ലൈവ് നൽകിയതോടെ, പാത്രങ്ങളും കവറുകളുമായി വൻജനക്കൂട്ടമാണ് വലിയതുറയിലേക്കും ശംഖുമുഖത്തേക്കും എത്തിയത്.

ഇവിടെയെത്തിയ ചിലർ മത്തി പെറുക്കിയെടുത്ത് വിൽപനയും നടത്തി. ഇത്തരത്തിലൊരു പ്രതിഭാസം ഇവിടെ ആദ്യമാണെന്നാണ് നാട്ടുകാർ പറയുന്നത്.