തനിക്ക് നിർമ്മാതാവ് ജോബി ജോർജിൽ നിന്ന് വധഭീഷണിയുണ്ടെന്ന് കാണിച്ച് ഫേസ്ബുക്ക് ലൈവിലൂടെ രണ്ട് ദിവസം മുമ്പാണ് യുവതാരം ഷെയ്ൻ നിഗം ഫേസ്ബുക്ക് ലൈവിലൂടെ രംഗത്ത് വന്നത്. ജോബി ജോർജിന്റെ വെയിൽ സിനിമയിലെ ഷെയിനിന്റെ കഥാപാത്രത്തിന്റെ ഗെറ്റപ്പ് സംബന്ധിച്ചാണ് വിവാദം ആരംഭിച്ചത്. ഇത് സംബന്ധിച്ച് താരസംഘടനായ അമ്മയ്ക്ക് ഷെയ്ൻ പരാതി നൽകുകയും ചെയ്തിരുന്നു.
തൊട്ടുപിന്നാലെ താരത്തിന്റെ പരാതിയിൽ വിശദീകരണവുമായി ജോബി ജോർജ് പത്രസമ്മേളനം നടത്തിയിരുന്നു. താൻ ഷെയ്‌നിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. സിനിമയിൽ അഭിനയിക്കുന്നതിന് ആദ്യം മുപ്പത് ലക്ഷം രൂപ പ്രതിഫലം ചോദിച്ച താരം പിന്നീട് 40ലക്ഷം ചോദിച്ചെന്നും, ഡേറ്റ് നൽകിയ ശേഷം വഞ്ചിച്ചെന്നും ആരോപിച്ചായിരുന്നു ജോബി ജോർജിന്റെ പത്രസമ്മേളനം. തൊട്ടുപിന്നാലെ ഷൈനിനെ വിമർശിച്ചും കുറച്ച് പേർ രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ പത്രസമ്മേളനത്തിലെ ജോബി ജോർജിന്റെ ഒരു പരാമർശത്തിനും അതിന് കമൻറ് ചെയ്തവർക്കുമുള്ള മറുപടിയുമായി ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ എത്തിയിരിക്കുകയാണ് താരം.'ജോബി ജോർജിന്റെ പത്രസമ്മേളനം കണ്ടവരുണ്ടെന്ന് വിശ്വസിക്കുന്നു.ഇത് പത്രസമ്മേളനത്തിനുള്ള മറുപടിയല്ല, അതിലുള്ള ഒരു സെന്റൻസിനുള്ള മറുപടിയാണ്. പിന്നെ അതിന്റെ താഴെ കമന്റ് ചെയ്തിരിക്കുന്ന നല്ലവരായ ജനങ്ങൾക്കുമുള്ള മറുപടിയാണ്.വെല്ലുവിളിയല്ലാട്ടോ,എന്നെ നിയന്ത്രിക്കുന്നയൊരു ശക്തിയുണ്ടെങ്കിൽ,എന്റെ റബ്ബ് ഉണ്ടെങ്കിൽ ഞാൻ ഇതിന് മറുപടി തരുന്നില്ല. റബ്ബ് തന്നോളും'- ഷെയ്ൻ പറഞ്ഞു.