ആലുവ: എറണാകുളം പാലസ് റോഡിൽ വനിതാ കോളേജിനും ഹയർസെക്കന്ററി സ്കൂളിന് സമീപത്തും നഗരസഭ അധികൃതരും എക്സൈസ് സംഘവും നടത്തിയ പരിശോധനയിൽ ദുരൂഹതയുണർത്തുന്ന സാധനങ്ങൾ കണ്ടെത്തി. സ്ത്രീകളുടെയും പുരുഷൻമാരുടെയും വസ്ത്രങ്ങൾ ആയുധങ്ങൾ എന്നിവയാണ് കണ്ടെത്തിയത്. ഷെഡിന്റെ മുൻഭാഗം പൂട്ടിയിരുന്നതിനാൽ പിറകിലൂടെ കയറിയാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഉദ്യോഗസ്ഥരെ കണ്ടപ്പോൾ അകത്തെ കട്ടിലിൽ കിടന്ന സ്ത്രീയുടെ വേഷമണിഞ്ഞ പുരുഷൻ ഇറങ്ങിയോടി. ഉദ്യോഗസ്ഥർ ഇയാളുടെ പിന്നാലെ പാഞ്ഞെങ്കിലും പിടികൂടാനായില്ല.
ഷെഡ് കേന്ദ്രീകരിച്ചു ലഹരിമരുന്നു കച്ചവടം നടക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് എക്സൈസ് സംഘവുമായി ചേർന്ന് നഗരസഭ അധികൃതർ പരിശോധന നടത്താൻ തീരുമാനിച്ചത്. റോഡ് പുറമ്പോക്കിലാണ് ഷെഡ്. ഇതിനു മുൻപിൽ ഇരുന്നിരുന്ന ചെരുപ്പുകുത്തിയെ കുറച്ചുകാലമായി കാണാനില്ലാത്തതും സംശയത്തിനിടയാക്കിയിരുന്നു. അന്വേഷണത്തിൽ ഇയാൾ ലഹരിമരുന്നു കേസിൽ പിടിക്കപ്പെട്ടു ജയിലിലാണെന്നു വിവരം ലഭിച്ചതായി എക്സൈസ് അധികൃതർ പറഞ്ഞു. ഈ ഭാഗത്തു രാത്രി ഇരുചക്രവാഹനങ്ങളിലും കാൽനടയായും ഒറ്റയ്ക്കു സഞ്ചരിക്കുന്നവരെ തടഞ്ഞു പണം തട്ടിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ചിലർ ആക്രമണത്തിനും ഇരയായി. തൊട്ടുതാഴെയുള്ള കാട്ടിൽ ട്രാൻസ്ജെൻഡർ കൊല്ലപ്പെട്ടിരുന്നു.