4

കെയ്റോ: വിരളിലെണ്ണാൻ പറ്റില്ല, കാരണം ഇരുപതോളം ശവപ്പെട്ടികളാണ് ഈജിപ്തിലെ നൈൽ നദീതീരത്ത് നിന്ന് പുരാവസ്തു വകുപ്പ് അധികൃതർ കഴിഞ്ഞ ദിവസം കണ്ടെത്തിയിരിക്കുന്നത്. ഈജിപ്തിൽ നിന്നും ഈയടുത്ത് കണ്ടെത്തിയ ഏറ്റവും വലിയ ശവപ്പെട്ടി ശേഖരമാണിതെന്നാണ് പുരാവസ്തു വകുപ്പ് പറയുന്നത്. ഇതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടെങ്കിലും മറ്റുകാര്യങ്ങളൊന്നും അധികൃതർ പുറത്തുവപറയുന്നില്ല. ഏകദേശം 3000 വർഷത്തെ പഴക്കം ഇവയ്ക്കുണ്ടെന്നാണു കരുതുന്നത്. പുരാതന കാലത്തെ ഈജിപ്തുകാർ ‘ഇന്നലെ' ഉപേക്ഷിച്ചതു പോലെയായിരുന്നു 20 ശവപ്പെട്ടികളെന്നും ഇതിന്റെ ചിത്രങ്ങൾ പുറത്തുവിട്ട ഈജിപ്ഷ്യൻ പുരാവസ്തു വകുപ്പ് പറയുന്നു.

ശവപ്പെട്ടികളെ കുറിച്ച് കൂടുതൽ ഒന്നും സർക്കാർ വൃത്തങ്ങൾ പുറത്തുപറയുന്നില്ലങ്കിലും പ്രാചീനകാലത്തെ തെബസ് നഗരപ്രദേശങ്ങളിൽ ഉൾപ്പെട്ട സ്ഥലത്ത് നിന്നാണ് ഇവ കണ്ടെത്തിയത്. പ്രാചീനകാല ഈജിപ്തിന്റെ രാജ്യ തലസ്ഥാനമായിരുന്നു തെബസ്. ഇവിടെ നിന്നും കണ്ടെടുത്ത ലിഖിത രേഖകൾ ബി.സി 1983- 2081 കാലഘട്ടത്തിലെ 11ാം രാജവംശത്തിന്റെ ശേഷിപ്പുകളാണെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശനിയാഴ്ച നടത്തുന്ന വാർത്താസമ്മേളനത്തിൽ വ്യക്തമാക്കുമെന്നാണ് അധികൃതർ പറയുന്നത്.

1

ചിത്രങ്ങളല്ലാതെ മറ്റു വിവരങ്ങളൊന്നും ഇതുമായി ബന്ധപ്പെട്ട് ഈജിപ്ഷ്യൻ സർക്കാർ പുറത്തുവിട്ടിട്ടില്ല. പക്ഷേ 2019ലെ ഏറ്റവും പ്രധാനപ്പെട്ട ഈജിപ്ഷ്യൻ കണ്ടെത്തൽ എന്നാണ് ടൂറിസം വകുപ്പ് ഇതിനെ വിശേഷിപ്പിക്കുന്നത്. ശവപ്പെട്ടികൾ കണ്ടെത്തിയ സ്ഥലത്തേക്ക് സാധാരണ ടൂറിസ്റ്റുകളുടെ വരവ് കുറവാണ്. എന്നാൽ പുതിയ കണ്ടെത്തൽ വന്നതോടെ ടൂറിസ്റ്റുകളുടെ ഒഴുക്കാണ് മേഖലയിലേക്ക്. പ്രദേശങ്ങളിൽ പര്യവേക്ഷണം തുടരുകയാണ്. അതിനാൽത്തന്നെ കൂടുതൽ ശവപ്പെട്ടികൾ വരുംനാളുകളിൽ കണ്ടെത്താനാകുമെന്നും പുരാവസ്തു വകുപ്പ് പറയുന്നുണ്ട്.

3

അതേസമയം, റാംസിസ് ഫറവോ ആറാമന്റെ മരണത്തോടെ ആരംഭിച്ച കാലഘട്ടത്തിലെയാണു ശവപ്പെട്ടികളെന്നും ഗവേഷകർ പറയപ്പെടുന്നു. രാജാക്കന്മാരുടെയോ രാജ്ഞിമാരുടെയോ അല്ല ഈ ശവപ്പെട്ടികളെന്ന പ്രത്യകതയുമുണ്ട്. മറിച്ച് ബി.സി 1070ലും സമീപ കാലത്തും ജീവിച്ചിരുന്ന പുരോഹിതന്മാരുടേതാകാനാണു സാധ്യതയെന്നും കരുതപ്പെടുന്നു. അതാണ് ഈ കണ്ടെത്തലിനെ വേറിട്ടതാക്കുന്നതും. തുത്തൻഖാമൻ പോലുള്ള ഫറവോമാരുടെ ശവപ്പെട്ടികൾ കണ്ടെത്തിയിരുന്നത് ശവക്കല്ലറകളിൽ നിന്നായിരുന്നു. പക്ഷേ ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ശവപ്പെട്ടികളെല്ലാം കല്ലറയില്ലാതെ മണ്ണിൽ അടക്കം ചെയ്ത നിലയിലാണ്.

2

ഫറവോമാരുടെ പ്രതാപകാലം കഴിഞ്ഞതോടെ പലരും ശവക്കല്ലറകൾ എന്ന സങ്കൽപം തന്നെ ഉപേക്ഷിച്ചതായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. പകരം സാധാരണ ശവപ്പെട്ടികളിൽ അന്ത്യവിശ്രമം കൊള്ളാനാണ് അവർ ആഗ്രഹിച്ചത്. പക്ഷേ കല്ലറയില്ലാത്തതിനാൽത്തന്നെ ശവപ്പെട്ടിയിലെ കൊത്തുപണികളും മറ്റ് അലങ്കാരങ്ങളും ഗംഭീരമായിരിക്കും. ബിസി 1070നും 650നും ഇടയ്ക്കുള്ള കാലത്തെ ഇത്തരം ചില ശവപ്പെട്ടികൾ നേരത്തെയും കണ്ടെത്തിയിട്ടുണ്ട്. അക്കാലത്ത് ഈജിപ്തിന്റെ തെക്കുഭാഗം പുരോഹിതന്മാരുടെ കീഴിലായിരുന്നു. വടക്കൻ മേഖലയിലെ ഭരണം ഫറവോമാരുടെ കീഴിലും. ഇപ്പോൾ ശവപ്പെട്ടികൾ കണ്ടെത്തിയിരിക്കുന്ന ഭാഗത്ത് പുരോഹിതന്മാരുടെ ഭരണമായിരുന്നു. അതിനാൽത്തന്നെ മുതിർന്ന പുരോഹിതന്മാരുടെയും അവരുടെ ശിഷ്യന്മാരുടെയും ഭാര്യമാരുടെയുമെല്ലാം മമ്മികളായിരിക്കും 20 ശവപ്പെട്ടികളിലെന്നും കരുതപ്പെടുന്നു.