goddess-lakshmi

മലയാളികൾക്ക് മലയാള മാസത്തിലെ ഒന്നാം തീയതി ഏറെ പ്രധാനമാണ്. അതുപോലെ മഹാലക്ഷ്മീ പ്രീതികരമായ ദിനമാണ് വെള്ളിയാഴ്ച ദിനങ്ങൾ. ഇന്ന് തുലാമാസ പിറവി കൂടിയാണ്. മഹാലക്ഷ്മി ഭജനത്തിന് അത്യുത്തമമായ ദിനം. ലളിതാ ദേവിയുടെ ആയിരം നാമങ്ങൾ ഉൾക്കൊള്ളുന്ന ലളിതാസഹസ്രനാമം ജപിക്കുന്നത് ഉത്തമമാണ്. വെള്ളിയാഴ്ച ദിവസം ഐശ്വര്യ-സമ്പദ് ദേവതയായ ലക്ഷ്മീദേവിയ്ക്കു സമർപ്പിയ്ക്കപ്പെട്ടതാണെന്നാണ് വിശ്വാസം. ഇന്നേ ദിവസം ലക്ഷ്മീ ദേവിയ്ക്കായി സമർപ്പിക്കപ്പെടുന്ന വ്രതവും വഴിപാടുകളുമെല്ലാം ഏറെ ഗുണം ചെയ്യും.

ശരീരശുദ്ധി വരുത്തിയ ശേഷം സന്ധ്യയ്ക്ക് നിലവിളക്കിനു മുന്നിലിരുന്നു നാമം ജപിക്കുന്നത് നല്ലതാണ്. കുങ്കുമം, ചന്ദനം, ഭസ്മം ഇവ മൂന്നും ചേർത്തു തൊടുന്നത് ത്രിപുര സുന്ദരീ പ്രതീകമായാണ് കാണുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ നിത്യവുമുള്ള ജപത്തിലൂടെ ഗാർഹിക അരിഷ്ടതകൾ, സന്താനക്ലേശം എന്നിവ നീങ്ങുമെന്നാണ് വിശ്വാസം.

lamp

മുപ്പെട്ട് വെള്ളി, മുപ്പെട്ട് ഞായർ

ഓരോ മലയാളമാസത്തിലും ആദ്യം വരുന്ന ആഴ്ച ദിനങ്ങളെയാണ് മുപ്പെട്ട് വെള്ളി, മുപ്പെട്ട് ഞായർ എന്ന് പറയുന്നത്. ഇന്ന് ദേവീ ക്ഷേത്ര ദർശനം നടത്തി വഴിപാടുകൾ നടത്തേണ്ടതാണ്. സന്ധ്യക്ക് നിലവിളക്ക് കൊളുത്തി ലക്ഷ്മീ പാരായണം നടത്താം. ലളിതാ സഹസ്രനാമവും കനകധാരാ സ്തോത്രവും നടത്തേണ്ടതാണ്. ഇത് കടബാദ്ധ്യതയിൽ നിന്ന് നിങ്ങളെ കരകയറ്റുന്നതിനും ജീവിതത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കാതിരിക്കുന്നതിനും സഹായിക്കുന്നുണ്ട്.

വ്രതം എടുക്കുമ്പോൾ ഇതിനായി ഉപവാസം എടുക്കരുത്. ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വീട്ടിൽ തന്നെ പാകം ചെയ്ത് മത്സ്യമാംസാദികൾ വർജ്ജിച്ച് വേണം ഭക്ഷണം. ഉച്ചക്ക് അരിയാഹാരം കഴിക്കാവുന്നതാണ്. ദുരിതങ്ങളിൽ നിന്ന് കരകയറുന്നതിനും ലക്ഷ്മീ ദേവിയുടെ അനുഗ്രഹത്തിനും മുപ്പെട്ട് വെള്ളി ദിനത്തിൽ വ്രതം അനുഷ്ഠിക്കാവുന്നതാണ്.