ramesh-

കോന്നി: പ്രതിപക്ഷനേതാവിന്റെ മകന് 2017ലെ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം ലഭിച്ചതിനെപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട മന്ത്രി കെ.ടി ജലീലിന് മറുപടിയുമായി രമേശ് ചെന്നിത്തല രംഗത്ത്. എന്റെ മകന് സിവിൽ സർവീസ് പരീക്ഷയിൽ 210ാം റാങ്ക് കിട്ടിയതിന്റെ വിഷമം കൊണ്ടായിരിക്കാം ജലീൽ അങ്ങനെ പറ‌ഞ്ഞതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 'മകന്റെ അഭിമുഖം നടക്കുന്ന ദിവസം ഞാൻ ഡൽഹിയിൽ ഉണ്ടായെന്ന് പറയുന്നു. തന്റെ മകന്റെ ഇന്റർവ്യൂന് ഞാൻ അല്ലാതെ വേറെ ഒരാളാണോ പോകുക. എന്റെ മകന് അഭിമുഖത്തിന് പോകാൻ വേറെ അച്ഛനെ കൊണ്ടുകോടുക്കണോ' എന്നും ചെന്നിത്തല ചോദിച്ചു. കോന്നിയിൽ ചേർന്ന വാ‌ർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കാസർകോട്ട് ചേർന്ന വാർത്താസമ്മേളനത്തിലാണ് രമേശ് ചെന്നിത്തലയ്ക്കെതിരെ മന്ത്രി ജലീൽ ആരോപണം ഉന്നയിച്ചത്. സിവിൽ സർവീസ് എഴുത്തു പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അനുദീപ് ഷെട്ടിയെക്കാൾ 30 മാർക്ക് അഭിമുഖ പരീക്ഷയിൽ പ്രമുഖ നേതാവിന്റെ മകനു കിട്ടി. ഇതിനായി ഡൽഹിയിൽ 'ലോബിയിംഗ്' നടത്തിയവർ തങ്ങളെപ്പോലെയാണ് മറ്റുള്ളവരുമെന്നു കരുതിയാൽ അവരെ കുറ്റപ്പെടുത്താനാവില്ല. പ്രതിപക്ഷ നേതാവ് തന്നെ ഇക്കാര്യം അന്വേഷിക്കാൻ ആവശ്യപ്പെടണം. പി.എസ്.സിയുടെ മാത്രമല്ല യു.പി.എസ്.സിയുടെയും സുതാര്യത നിലനിറുത്താൻ നടപടി വേണമെന്നുമാണ് ജലീൽ ആവശ്യപ്പെട്ടത്.

അതേസമയം,​ എം.ജി സർവകലാശാലയിലെ മാർക്ക് ദാനം മന്ത്രി കെ.ടി ജലീലിന്റെ അറിവോടെയാണെന്നും ജലീൽ അധികാര ദുർവിനിയോഗം നടത്തിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. മാർക്ക് ദാനത്തിലൂടെ തോറ്റ കുട്ടികളെ മുഴുവൻ ജയിപ്പിക്കുന്ന അസാധാരണമായ നടപടിയാണ് എം.ജിയിൽ നടന്നതെന്നും ഇതാണോ മോഡറേഷൻ എന്നും രമേശ് ചെന്നിത്തല ചോദിച്ചു. യൂണിവേഴ്സിറ്റി നിയമങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം മനസിലാവും, ഇതാണോ മോഡറേഷൻ. ഇങ്ങനെയുള്ള നിലപാടാണെങ്കിൽ എന്തിനാണ് പരീക്ഷ നടത്തുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.