mohanlal-jayaraj

കലാമൂല്യമുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ചേക്കേറിയ സംവിധായകനാണ് ജയരാജ്. മമ്മൂട്ടിയും സുരേഷ് ഗോപിയുമുൾപ്പെടെയുള്ള മലയാളത്തിലെ പ്രമുഖരായ താരങ്ങളെവച്ച് അദ്ദേഹം സിനിമ ചെയ്തിട്ടുണ്ട്. എന്നാൽ പലകാരണങ്ങൾ കൊണ്ട് മോഹൻലാലിനെവച്ച് ഒരു സിനിമ പോലും ചെയ്യാൻ ജയരാജിന് സാധിച്ചിട്ടില്ല. ഇപ്പോഴിതാ കേരളകൗമുദി ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ മോഹൻലാലിനൊപ്പം സിനിമ ചെയ്യുമോ എന്നതിനെപ്പറ്റി മനസ് തുറന്നിരിക്കുകയാണ് ജയരാജ്.

'അത് എനിക്കറിയില്ല,​മോഹൻലാലിനെ അറിയൂ. പലപ്പോഴും ഒന്നോ രണ്ടോ പ്രാവശ്യം സിനിമ ചെയ്യാൻ വേണ്ടി ഞങ്ങൾ സമീപിച്ചിരുന്നു. അപ്പോഴൊന്നും നടന്നില്ല. ഇനി നടക്കുമോയെന്നറിയില്ല'- ജയരാജ് പറഞ്ഞു.

ജയരാജിന്റെ നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രമായ രൗദ്രം2018 ഇന്ന് തീയേറ്ററുകളിലെത്തി. 2018ലെ പ്രളയത്തെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തിൽ രൺജി പണിക്കറും കെ.പി.എ.സി ലീലയുമാണ് മുഖ്യവേഷത്തിലെത്തുന്നത്. പ്രളയത്തിൽ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിലെ പാണ്ടനാടുള്ള ഒരു വീട്ടിൽ അകപ്പെട്ടുപോയ വൃദ്ധദമ്പതികളുടെ കഥയാണ് രൗദ്രത്തിലൂടെ പറയുന്നത്.

സബിത ജയരാജ്, സരയൂ, ബിനു പപ്പു, എന്‍.പി. നിസ, നിഖില്‍ രഞ്ജി പണിക്കര്‍ എന്നിവരും ചിത്രത്തിൽ വിവിധ വേഷങ്ങളിലെത്തുന്നു. നിഖില്‍ എസ്. പ്രവീണ്‍ ഛായഗ്രഹണവും ജിനു ശോഭ ചിത്രസംയോജനവും സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതവും നിര്‍വഹിക്കുന്നു. പ്രകൃതി പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഡോ. സുരേഷ് കുമാര്‍ മുട്ടത്താണ് ചിത്രം നിർമ്മിച്ചത്.