തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച സ്കൂൾ വിദ്യാഭ്യാസം നൽകുന്ന സംസ്ഥാനമെന്ന നിലയിൽ മുൻപന്തിയിലാണ് കേരളം. നീതി ആയോഗിന്റെ സ്‌കൂൾ വിദ്യാഭ്യാസ നിലവാര ഇൻഡെക്‌സിലാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്. 20 വലിയ സംസ്ഥാനങ്ങളെ പിൻതള്ളിയാണ് നീതി ആയോഗ് തയ്യാറാക്കിയ സ്കൂൾ എഡ്യുക്കേഷൻ ക്വാളിറ്റി ഇൻഡക്സിൽ( SEQI ) കേരളം ആദ്യ സ്ഥാനം കൈവരിച്ചത്. പഠനനിലവാരം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് അഭിമാന നേട്ടത്തിലേക്കെത്താൻ കേരളത്തെ സഹായിച്ചത്. ഭരണമികവ്, അടിസ്ഥാന സൗകര്യങ്ങൾ, പഠനനിലവാരം തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചാണ് പട്ടിക തയ്യാറാക്കിയത്.
സംസ്ഥാനത്തിന്റെ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥിനും അഭിമാനിക്കാവുന്ന നേട്ടം കൂടിയാണിത്. വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ കുറിച്ചും പ്രവർത്തനങ്ങളെ കുറിച്ചും കൗമുദി ടി.വിയിലൂടെ മനസു തുറക്കുകയാണ് രവീന്ദ്രനാഥ്. ഹിന്ദി ഭാഷ പഠിക്കുന്നതിനോട് എതിർപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു.
"ഹിന്ദി ഭാഷയോട് ആർക്കും എതിർപ്പില്ല. എല്ലാ ഭാഷയ്ക്കും അതിന്റേതായ സർഗസാദ്ധ്യതകൾ ഉണ്ട്. പരീക്ഷ എഴുതി ജോലി കിട്ടാൻ വേണ്ടി മാത്രമല്ല പഠിക്കുന്നത്. ജീവിതത്തിലേക്കുള്ള വഴി കൂടിയാണ്. ഹൃയത്തിന് ഹൃദയത്തേട് സംസാരിക്കണമെങ്കിൽ മാതൃഭാഷ വേണം. അങ്ങനെയേ മനുഷ്യബന്ധം ഉണ്ടാവൂ. അതുപോലെത്തന്നെയേ കുടുംബബന്ധവും സമൂഹ ബന്ധവും ഉണ്ടാക്കാൻ സാധിക്കൂ.
ഹിന്ദി ഭാഷ പഠിക്കുന്നതിനോട് ആർക്കും എതിർപ്പില്ല. പക്ഷെ, മാതൃഭാഷ കഴിഞ്ഞേ മറ്റ് ഭാഷയുള്ളൂ. ഹിന്ദി ഭാഷ പഠിക്കുന്നത് കൊണ്ട് ഒരു തെറ്റുമില്ല. ഒരു ഭാഷ പഠിച്ചാൽ ആ ഭാഷയിലൂടെയുള്ള സാഹിത്യത്തിലേക്കെത്താൻ സാധിക്കും. എല്ലാ സ്കൂളിലും ഇപ്പോൾ മലയാളം പഠിപ്പിക്കുന്നുണ്ട്. മലയാളം പഠിക്കാതെ കേരളത്തിൽ ഒരു കുട്ടിയും ഉണ്ടാവരുത്. ഇംഗ്ലീഷും, ഹിന്ദിയും ഏത് ഭാഷ വേണമെങ്കിലും പഠിക്കാം. ഒരു സംസ്‌കാരം വളർത്തലാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ജോലിയൊക്കെ കിട്ടിയെന്നു വന്നേക്കാം പക്ഷെ മാതൃഭാഷ പോയാൽ ഈ ബന്ധങ്ങളൊക്കെ ഇല്ലാതാകും"-അദ്ദേഹം പറഞ്ഞു.