പാരീസ്:ഭീകരർക്ക് ഫണ്ട് നൽകുന്നത് അവസാനിപ്പിക്കാനുള്ള കർമ്മപദ്ധതി പൂർണമായി നടപ്പാക്കാത്ത പാകിസ്ഥാന് ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്‌ക് ഫോഴ്സ് അന്ത്യശാസനം നൽകി.
ഭീകരരുടെ സാമ്പത്തിക സ്രോതസുകൾ അടയ്‌ക്കാനുള്ള നിർദ്ദേശങ്ങൾ 2020 ഫെബ്രുവരിക്കകം നടപ്പാക്കിയില്ലെങ്കിൽ 'കരിമ്പട്ടികയിൽ പെടുത്തുന്നതടക്കമുള്ള' കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് ഇന്നലെ സമാപിച്ച എഫ്.എ.ടി.എഫ് പ്ലീനറി സമ്മേളനം താക്കീത് നൽകി. ഭീകരസംഘടനകളുടെ സാമ്പത്തിക സ്രോതസ് ഇല്ലാതാക്കാനുള്ള അന്താരാഷ്ട്ര കൂട്ടായ്മയാണ് എഫ്.എ.ടി.എഫ്.
ടാസ്‌ക് ഫോഴ്സ് നിർദ്ദേശിച്ച 27 മാനദണ്ഡങ്ങളിൽ 22 എണ്ണവും നടപ്പാക്കുന്നതിൽ പാകിസ്ഥാൻ പരാജയപ്പെട്ടു. അഞ്ചെണ്ണം മാത്രമാണ് പാകിസ്ഥാൻ നടപ്പാക്കിയത്. മറ്റ് നിർദ്ദേശങ്ങൾ നടപ്പാക്കിയില്ലെങ്കിൽ അംഗരാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങൾ പാകിസ്ഥാനുമായുള്ള വ്യാപാരബന്ധങ്ങളും ഇടപാടുകളും നിയന്ത്രിക്കാൻ ആവശ്യപ്പെടുന്നത് ഉൾപ്പെടെയുള്ള നടപടിയിലേക്ക് കടക്കും
2020 ഫെബ്രുവരിക്കകം കർമ്മപദ്ധതികൾ പൂർത്തിയാക്കണം. ഇല്ലെങ്കിൽ പാകിസ്ഥാനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള സാദ്ധ്യത കൂടുതലാണ്. പാകിസ്ഥാനുള്ള സാമ്പത്തിക പരിഗണന, വായ്പ, മറ്റ് ധനസഹായങ്ങൾ എന്നിവ നിറുത്തലാക്കും. അതുവരെ പാകിസ്ഥാനെ ഗ്രേ ലിസ്റ്റിൽ നിലനിറുത്തും - ടാസ്‌ക് ഫോഴ്സ് വ്യക്തമാക്കി.
കരിമ്പട്ടികയിൽ പെടാതിരിക്കാൻ ഒക്ടോബറിനകം കർമ്മ പദ്ധതികൾ നടപ്പാക്കണമെന്ന് കഴിഞ്ഞ തവണ എഫ്.എ.ടി.എഫ് ആവശ്യപ്പെട്ടിരുന്നു. ചൈന, തുർക്കി, മലേഷ്യ എന്നീ രാജ്യങ്ങൾ പിന്തുണച്ചതിനാലാണ് സമയം നീട്ടി നൽകിയത്.
യു.എൻ പ്രഖ്യാപിച്ചതുൾപ്പെടെയുള്ള ഭീകര വിരുദ്ധ നടപടികൾ സ്വീകരിക്കുന്നതിൽ പാകിസ്ഥാൻ പരാജയപ്പെട്ടെന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ എഫ്.എ.ടി.എഫിൽ നിലപാടെടുത്തിരുന്നു.
205 അംഗരാജ്യങ്ങളും യു.എൻ, ലോകബാങ്ക്, അന്താരാഷ്ട്ര നാണയ നിധി പ്രതിനിധികളും പ്ലീനറിയിൽ പങ്കെടുത്തു.
ഭീകരത്യ്ക്കെതിരെ പോരാടാനും ഭീകരരെ ഇല്ലായ്‌മ ചെയ്യാനും പാകിസ്ഥാന് താത്പര്യമില്ലെന്ന് ഇന്ത്യൻ പ്രതിനിധി പറഞ്ഞു. നിലവിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്ഥാനെ കരിമ്പട്ടികയിൽ കൂടി ഉൾപ്പെടുത്തിയാൽ രാജ്യത്തിന്റെ സ്ഥിതി വഷളാകും. ഇത് കണക്കിലെടുത്ത് പാകിസ്ഥാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നാണ് കരുതുന്നത്.