ബംഗളൂരു : കർണാടകയിലെ സ്വകാര്യ സർവകലാശാലയായ അലയൻസ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ഡി. അയ്യപ്പ ദൊരെയെ (53) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സർവകലാശാലയിലെ നിലവിലെ ചാൻസലറും സഹായിയും അറസ്റ്റിൽ. ചാൻസലർ സുധീർ അങ്കുറും (57) എക്സിക്യൂട്ടിവ് ഓഫീസർ സൂരജ് സിംഗുമാണ് പൊലീസിന്റെ പിടിയിലായത്. ദൊരെയെ കൊലപ്പെടുത്താൻ ഒരുകോടി രൂപ ക്വട്ടേഷൻ നൽകിയതായി ഇരുവരും വെളിപ്പെടുത്തി. സ്വന്തം സഹോദരനായ മധുകർ അങ്കുറിനെ വധിക്കാനും സുധീർ ക്വട്ടേഷൻ നൽകിയിരുന്നതായി പൊലീസ് അറിയിച്ചു.
കൊലപാതകം നടത്തിയ ക്വട്ടേഷൻ സംഘാംഗങ്ങൾക്കായി തെരച്ചിൽ ശക്തമാക്കി.
സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന അലയൻസ് സർവകലാശാലയുടെ നിയന്ത്രണം പിടിച്ചെടുക്കാനാണ് കൊലപാതകമെന്നു ബംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ ഭാസ്‌കർ റാവു പറഞ്ഞു. കഴിഞ്ഞ 17ന് പുലർച്ചെ ബംഗളൂരുവിൽ നഗരത്തിലെ വസതിയിൽ നിന്ന് 50 മീറ്റർ അകലെ എച്ച്.എം.ടി ഗ്രൗണ്ടിൽ നിന്നാണ് ദൊരെയെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 10.45നു വീട്ടിൽനിന്ന് നടക്കാനായി പുറത്തുപോയ ദൊരെ തിരിച്ചെത്താത്ത വിവരം ഭാര്യ പവന ബുധനാഴ്ച രാവിലെയാണ് അറിഞ്ഞത്. നേരത്തേ ഉറങ്ങുന്ന ഭാര്യയെ ശല്യപ്പെടുത്താതെയാണ് ദൊരെ നടക്കാനിറങ്ങിയിരുന്നത്.
രാവിലെ പതിവ് പട്രോളിംഗിനിറങ്ങിയ പൊലീസ് സംഘമാണ് മൃതദേഹം കണ്ടെത്തിയത്. അലയൻസ് സർവകലാശാലയുടെ വൈസ് ചാൻസലർ സ്ഥാനം രാജിവച്ചശേഷം പൊതുപ്രവർത്തനരംഗത്ത് സജീവമായിരുന്നു ദൊരെ. ഭാര്യയിൽനിന്നാണു സുധീർ അങ്കുറിനെക്കുറിച്ചു സൂചന ലഭിച്ചത്.
സർവകലാശാലയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് ചാൻസലർ സുധീർ, സഹോദരൻ മധുകർ അങ്കുറുമായി തർക്കത്തിലായിരുന്നു. ഇവർ തമ്മിൽ 25 ഓളം സിവിൽ കേസുകൾ നിലവിലുണ്ട്. മധുകറിന് അനുകൂലമായി വിധി വന്നതോടെ അദ്ദേഹത്തെയും അടുത്ത സുഹൃത്ത് അയ്യപ്പ ദൊരെയെയും കൊലപ്പെടുത്താൻ ഗൂഢാലോചന തുടങ്ങി. 4 മാസം മുമ്പ് സർവകലാശാലയിൽ ഓഫീസ് എക്സിക്യൂട്ടിവായി നിയമിച്ച സൂരജ് സിംഗ്, സുധീറിന്റെ നിർദ്ദേശ പ്രകാരം 4 പേരെ ക്വട്ടേഷൻ ഏല്പിച്ചു. ക്രിമിനൽ അഭിഭാഷകനിൽ നിന്ന് നിയമോപദേശവും തേടി. ആറംഗ സംഘമാണ് ദൊരെയെ ആക്രമിച്ചതെന്നും പൊലീസ് കണ്ടെത്തി.
ജന സമന്വയര പക്ഷ പാർട്ടിയുടെ നേതാവ് കൂടിയായിരുന്നു ദൊരെ. ഭൂമി ഇടപാടിൽ അഴിമതി ആരോപിച്ച് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്ക്കെതിരെ പരാതി നൽകിയതോടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.