കൊല്ലം: സ്കൂളിലെ മാലിന്യ ടാങ്കിന്റെ മേൽമൂടി പൊളിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്ക്. കൊല്ലം ഏരൂർ എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. അഞ്ച് കുട്ടികളാണ് ടാങ്കിനുള്ളിലേക്ക് വീണത്. ഉച്ചയ്ക്ക് ശേഷമാണ് സംഭവം ഉണ്ടായത്. കളിക്കുന്നതിനിടെ ടാങ്കിന്റെ മേൽമൂടി പൊളിഞ്ഞ് അതിന് മുകളിൽ നിന്ന വിദ്യാർത്ഥികൾ ടാങ്കിലേക്ക് വീഴുകയായിരുന്നു.
നാട്ടുകാരുടെയും സ്കൂൾ അധികൃതരുടെയും ശ്രദ്ധയിൽപ്പെട്ടതുകൊണ്ടാണ് വൻ ദുരന്തം ഒഴിവായത്. മൂന്നുപേർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റ് രണ്ട് വിദ്യാർത്ഥികളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ദീർഘനാളായി ഉപയോഗ ശൂന്യമായി കിടക്കുന്ന കോൺക്രീറ്റ് കുഴിയിലേക്കാണ് കുട്ടികൾ വീണത്.