വാഷിംഗ്ടൺ: ഇന്ത്യ ഇപ്പോഴും ലോകത്തെ ഏറ്റവും വേഗം വളരുന്ന സമ്പദ്ശക്തികളിൽ ഒന്നാണെന്നും വളർച്ചയ്ക്ക് കൂടുതൽ ഊർജം പകരാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ഐ.എം.എഫ്, ലോകബാങ്ക് എന്നിവയുടെ വാർഷിക യോഗത്തിൽ പങ്കെടുക്കാൻ വാഷിംഗ്ടണിലെത്തിയ മന്ത്രി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
2018ൽ ഇന്ത്യ 6.8 ശതമാനം ജി.ഡി.പി വളർച്ച നേടിയിരുന്നു. 2019ൽ ഇന്ത്യയുടെ വളർച്ചാ പ്രതീക്ഷ ഐ.എം.എഫ് 6.1 ശതമാനമായി വെട്ടിക്കുറച്ചത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. എട്ട് ശതമാനത്തിൽ നിന്ന് വളർച്ച ആറു ശതമാനമായി കുറഞ്ഞുവെന്നത് സമ്മതിക്കുന്നു. മുൻകാലങ്ങളിലെ വളർച്ചാവേഗം ഇപ്പോഴില്ല. എങ്കിലും, ലോകത്തെ ഏറ്റവും വേഗം വളരുന്ന രാജ്യങ്ങളിലൊന്നാണ് ഇപ്പോഴും ഇന്ത്യ. വളർച്ചയ്ക്ക് കൂടുതൽ വേഗം പകരുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ധനക്കമ്മി നടപ്പുവർഷം ജി.ഡി.പിയുടെ 3.3 ശതമാനത്തിൽ നിയന്ത്രിക്കുകയെന്ന ലക്ഷ്യം കാണുമോ എന്ന ചോദ്യത്തിന്, അതേക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. വ്യക്തിഗത ആദായ നികുതി കുറയ്ക്കുമോ എന്ന ചോദ്യത്തിന്, അങ്ങനെയൊരു നീക്കമുണ്ടെങ്കിൽ മുൻകൂട്ടി അറിയിക്കുമെന്നും മന്ത്രി മറുപടി നൽകി.