ന്യൂഡൽഹി: ഐ. എൻ. എക്‌സ് മീഡിയ കേസിൽ മുൻകേന്ദ്ര മന്ത്രി പി ചിദംബരത്തെയും മകൻ കാർത്തിയെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി സി.ബി.ഐ പുതിയ കുറ്റപത്രം സമർപ്പിച്ചു. ഡൽഹി റോസ് അവന്യൂ കോടതി തിങ്കളാഴ്‌ച കുറ്റപത്രം പരിഗണിക്കും.
ഇരുവർക്കും ഒപ്പം പീറ്റർ മുഖർജി, ഇന്ദ്രാണി മുഖർജി എന്നിവരുൾപ്പടെ 14 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. 2017 മേയ് 17 നാണ് കേസിൽ സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തത്. ചിദംബരം ധനമന്ത്രിയായിരിക്കെ 2017ൽ 305 കോടി രൂപയുടെ വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് ഐ.എൻ.എക്‌സ് മീഡിയ ഗ്രൂപ്പിന് വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡ് ചട്ടം ലംഘിച്ച് അനുമതി നൽകി എന്നായിരുന്നു ആരോപണം.
ഓഗസ്റ്റ് 21 ന് കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്ത ചിദംബരത്തിന് ഇതുവരെ ജാമ്യം ലഭിച്ചിരുന്നില്ല. ബുധനാഴ്ച ഇതേ കേസിന്റെ തന്നെ ഭാഗമായ കള്ളപ്പണം വെളുപ്പിച്ച കേസിൽ എൻഫോഴ്‌സ്‌മെന്റും ചിദംബരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ എല്ലാ ആരോപണങ്ങളും ചിദംബരം നിഷേധിച്ചിരുന്നു. ബി.ജെ.പി രാഷ്ട്രീയ പക പോക്കലിനായി ചിദംബരത്തെ വേട്ടയാടുകയാണെന്നാണ് കോൺഗ്രസ് ആരോപണം.
എഫ്.ഐ.ആറിലോ മുൻപത്തെ കുറ്റപത്രത്തിലോ പേരില്ലാത്ത തന്നെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ചിദംബരം നിരന്തരം വാദിച്ചിരുന്നു. മുൻ കുറ്റപത്രത്തിൽ കാർത്തി ചിദംബരത്തെ ഉൾപ്പെടുത്തിയിരുന്നു.