kanam-rajendran

കൊല്ലം: യഥാസമയം ശമ്പളം പോലുമില്ലാഞ്ഞിട്ടും ത്യാഗം സഹിച്ച് പൊതുമേഖലയെ സംരക്ഷിക്കുന്ന തൊഴിലാളികളെ മറന്ന് സുശീൽഖന്നമാരാണ് ശരിയെന്ന് കരുതുന്ന സർക്കാ‌ർ നിലപാട് തിരുത്തണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു. ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി) 73-ാം വാർഷിക സമ്മേളനം കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം.

പെൻഷൻ ബാദ്ധ്യത സർക്കാ‌ർ ഏറ്റെടുത്താൽ തീരാവുന്ന പ്രതിസന്ധി മാത്രമേ കെ.എസ്.ആർ.ടി.സിക്കുള്ളൂ. ബഡ്‌ജറ്റിൽ 1000 ബസ് വാങ്ങുമെന്ന് എഴുതിയത് കൊണ്ടായില്ല. അതിനുള്ള പണം നൽകണം. പരിശീലനം ലഭിച്ച ഡ്രൈവർമാരെ പിരിച്ചുവിട്ട് എംപ്ലോയ്മെന്റിൽ നിന്ന് ആളെടുത്ത് ഓടിച്ചോളൂ എന്ന് പറയുന്നത് ശരിയല്ല. താത്കാലിക ജീവനക്കാർ വേണ്ടെന്ന് കോടതികൾ പറഞ്ഞാൽ സാഹചര്യം അവരെ ബോദ്ധ്യപ്പെടുത്താനാകണം. ട്രേഡ് യൂണിയൻ നേതാക്കൾ, തൊഴിലാളികൾ എന്നിവരുമായാണ് പ്രതിസന്ധി പരിഹരിക്കാനുള്ള കൂടിയാലോചനകൾ നടത്തേണ്ടതെന്നും കാനം പറഞ്ഞു.

യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. രാജേന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. മന്ത്രി എ.കെ. ശശീന്ദ്രൻ, എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു, സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ, കെ.എസ്. ഇന്ദുശേഖരൻ നായർ, യൂണിയൻ ജനറൽ സെക്രട്ടറി എം.ജി. രാഹുൽ തുടങ്ങിയവർ പ്രസംഗിച്ചു.

ആത്മഹത്യാ മുനമ്പിലെത്തിക്കില്ല: മന്ത്രി

ആത്മഹത്യാ മുനമ്പിലേക്ക് കെ.എസ്.ആർ.ടി.സിയെ എത്തിക്കാൻ അനുവദിക്കില്ലെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. തൊഴിലാളികൾക്ക് ആശങ്കയുണ്ടെന്ന കാര്യം ബോദ്ധ്യമില്ലാത്ത സർക്കാരല്ലിത്. പ്രശ്നങ്ങൾ പരിഹരിക്കാൻ പല ശ്രമങ്ങൾ നടത്തിയിട്ടും വിജയിച്ചില്ല. പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യാൻ അവലോകന യോഗം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. ശമ്പളവും പെൻഷനും കൊടുക്കാൻ വരുമാനം തികയുന്നില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയും അത്ര മെച്ചമല്ല.