കോന്നി : മകന്റെ സിവിൽ സർവീസ് പരീക്ഷയുടെ അഭിമുഖ സമയത്ത് താൻ ഡൽഹിയിലുണ്ടായിരുന്നെന്ന മന്ത്രി കെ.ടി. ജലീലിന്റെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 'എന്റെ മകന്റെ അഭിമുഖത്തിന് അച്ഛനായ ഞാനല്ലേ ഒപ്പം പോകേണ്ടത്? മകനെ സ്‌കൂളിൽ ചേർത്തതും പി.ടി.എ യോഗത്തിന് പോകുന്നതുമെല്ലാം ഞാൻ തന്നെയാണ്". കോന്നിയിൽ മാദ്ധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാർക്ക് ദാനത്തിൽ താൻ പറഞ്ഞ ഏതെങ്കിലും കാര്യം സത്യവിരുദ്ധമാണെന്ന് തെളിയിക്കാൻ മന്ത്രിയെ ചെന്നിത്തല വെല്ലുവിളിച്ചു. കള്ളനെ കൈയോടെ പിടിച്ചപ്പോഴുള്ള പരിഭ്രമമാണ് മന്ത്രിക്ക്. താൻ ലീഗിന്റെ ചട്ടുകമെന്നത് ജലീലിന്റെ സ്ഥിരം വാചകമാണ്. ഞാൻ എന്റെ ചട്ടുകം മാത്രമാണ്. എം.ജി യൂണിവേഴ്‌സിറ്റിയിലെ മാർക്ക് ദാനത്തിൽ ജലീലിന്റേത് അധികാര ദുർവിനിയോഗമാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണ്. തനിക്ക് വേണ്ടപ്പെട്ടവർക്ക് മാർക്ക് കൂട്ടി നൽകാനാണ് മന്ത്രി ഇടപെട്ടിരിക്കുന്നത്. മോഡറേഷൻ നൽകരുതെന്നു താൻ പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.