കോഴിക്കോട്: മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികം എം.ഇ.എസിന്റെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ.പി.എ .ഫസൽ ഗഫൂർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
22, 23, 24 തീയതികളിൽ കോഴിക്കോട്ടും പെരിന്തൽമണ്ണയിലും, എറണാകുളത്തും 'ഗാന്ധിസം ഇന്നലെ ഇന്ന് നാളെ' എന്ന വിഷയത്തിൽ ഗാന്ധിജിയുടെ കൊച്ചുമകന്റെ മകൻ തുഷാർ ഗാന്ധിയുടെ പ്രഭാഷണം നടക്കും. 22ന് കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിലാണ് ആദ്യപ്രഭാഷണം .ഗാന്ധിജിയുടെ പൗത്രൻ ഗോപാൽ ഗാന്ധി, പ്രപൗത്രൻമാരായ ആനന്ദ്‌ഗോകാക്ക് ഗാന്ധി, രാജ്‌മോഹൻ ഗാന്ധി തുടങ്ങിയവരും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രപൗത്രൻ സുഖാട്ടോറോയ്, ലാൽ ബഹദൂർ ശാസ്ത്രിയുടെ മകൻ അനിൽ ശാസ്ത്രി തുടങ്ങിയവരും പങ്കെടുക്കും.
ഗാന്ധി ദർശൻ യാത്ര, ഡോക്യുമെന്ററി, സിനിമകളുടെ പ്രദർശനം, ചെയറുകൾ സ്ഥാപിക്കൽ, എന്നിവയുമുണ്ടാവും. പരിപാടികൾ 2020 ഒക്ടോബർ രണ്ട് വരെ തുടരും. വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി സി.ടി സക്കീർ ഹുസൈൻ, പി.കെ. അബ്ദുൾ ലത്തീഫ്, എ.ടി.എം. അഷറഫ് എന്നിവരും പങ്കെടുത്തു.