ന്യൂഡൽഹി: സാമ്പത്തിക മാന്ദ്യം സംബന്ധിച്ച ആശങ്കകൾ ശക്തമാക്കി ഗ്രാമീണ മേഖലയുടെ ഉപഭോഗ വളർച്ച ജൂലായ് സെപ്‌തംബറിൽ ഏഴു വർഷത്തെ താഴ്‌ചയിലേക്ക് ഇടിഞ്ഞു. പായ്ക്ക് ചെയ്‌ത ഉത്‌പന്നങ്ങളുടെ (എഫ്.എം.സി.ജി) ഗ്രാമീണ ഉപഭോഗം, നഗരങ്ങളേക്കാൾ കുറയുന്നതും ആദ്യമാണ്.
ഫാസ്‌റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്‌സിന്റെ (എഫ്.എം.സി.ജി) ഉപഭോഗത്തിന്റെ 36 ശതമാനം സംഭാവന ചെയ്യുന്നത് ഗ്രാമീണ മേഖലയാണ്. കാലങ്ങളായി ഗ്രാമീണ മേഖലയാണ് നഗരങ്ങളേക്കാൾ മൂന്നു മുതൽ അഞ്ചുവരെ ശതമാനം അധിക വളർച്ചയുമായി എഫ്.എം.സി.ജി ഉപഭോഗത്തിൽ മുന്നിട്ടു നിൽക്കുന്നത്. കാർഷിക വരുമാനത്തിലുണ്ടായ ഇടിവാണ് പ്രധാനമായും എഫ്.എം.സി.ജി ഉപഭോഗത്തെ ബാധിച്ചതെന്ന് നീൽസൺ ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ട് സൂചിപ്പിച്ചു.
5%
വില്‌പന മൂല്യത്തിൽ ഗ്രാമീണ ഉപഭോഗ വളർച്ച ജൂലായ് - സെപ്‌തംബറിൽ അഞ്ചു ശതമാനം. 2018 സെപ്‌തംബർ പാദത്തിൽ വളർച്ച 20 ശതമാനമായിരുന്നു.
3.9%
വില്‌പന അളവിൽ ഗ്രാമീണ ഉപഭോഗ വളർച്ച സെപ്‌തംബർ പാദത്തിൽ 13.2 ശതമാനത്തിൽ നിന്ന് 3.9 ശതമാനമായി താഴ്‌ന്നു.
7 വർഷം
കഴിഞ്ഞ ഏഴു വർഷത്തെ ഏറ്രവും കുറഞ്ഞ ഉപഭോഗ വളർച്ചയാണ് ഗ്രാമീണ മേഖല കഴിഞ്ഞപാദത്തിൽ കുറിച്ചത്.
8%
നഗരങ്ങളിലെ ഉപഭോഗ വളർച്ച എട്ട് ശതമാനം. 14 ശതമാനമായിരുന്നു 2018ലെ സമാനപാദത്തിൽ വളർച്ച.
7.3%
ഗ്രാമീണ - നഗര സംയുക്ത ഉപഭോഗ വളർച്ച കഴിഞ്ഞപാദത്തിൽ 7.3 ശതമാനം. 2018 ജൂലായ് - സെപ്‌തംബറിൽ വളർച്ച 16.2 ശതമാനമായിരുന്നു.