മുംബയ്: മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്‌ട്രീസ് നടപ്പു സാമ്പത്തികവർഷം (2019-20) ജൂലായ് - സെപ്‌തംബർ പാദത്തിൽ 18.32 ശതമാനം വർദ്ധനയോടെ 11,262 കോടി രൂപയുടെ ലാഭം നേടി. മൊത്തം വരുമാനം 1.56 ലക്ഷം കോടി രൂപയിൽ നിന്ന് 4.84 ശതമാനം വർദ്ധിച്ച് 1.64 ലക്ഷം കോടി രൂപയായി.

ടെലികോം വിഭാഗമായ ജിയോ 45.40 ശതമാനം വളർച്ചയോടെ 990 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. ജിയോയുടെ പ്രതി ഉപഭോക്തൃ വരുമാനം (എ.ആർ.പി.യു) 120 രൂപയാണ്. റിലയൻസ് റീട്ടെയിൽ വരുമാനം 27 ശതമാനം വർദ്ധിച്ചു. പെട്രോകെമിക്കൽ 11.90 ശതമാനം, ഓയിൽ ആൻഡ് ഗ്യാസ് 40.20 ശതമാനം, മീഡിയ 5.10 ശതമാനം എന്നിങ്ങനെ ഇടിഞ്ഞു. ഡിജിറ്റൽ സേവന മേഖലയിൽ നിന്നുള്ള വരുമാനം 42.70 ശതമാനം ഉയർന്നു.

മൂല്യം 9ലക്ഷം കോടി

റിലയൻസ് ഇൻഡസ്‌ട്രീസിന്റെ മൂല്യം ഇന്നലെ ഓഹരി വിപണിയിൽ 9 ലക്ഷം കോടി രൂപ കടന്നു. ഒരു ഇന്ത്യൻ കമ്പനി ആദ്യമായാണ് ഈ നേട്ടം കുറിക്കുന്നത്.

₹2.91 ലക്ഷം കോടി

റിലയൻസ് ഇൻഡസ്‌ട്രീസിന്റെ മൊത്തം കടബാദ്ധ്യത 2.91 ലക്ഷം കോടി രൂപ.