netherland-king

കുട്ടനാട്: ആലപ്പുഴയുടെ സൗന്ദര്യം ആസ്വദിച്ച് കുട്ടനാടൻ പാടങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ഡച്ച് രാജാവും രാജ്ഞിയും. നെതർലാൻഡസ് രാജാവ് വില്യം അലക്സാണ്ടറും ഭാര്യ മാക്സിമയും ഒന്നര മണിക്കൂറിലേറെയാണ് വേമ്പനാട്ട് കായലിന്റെ സൗന്ദര്യം ആസ്വദിക്കാൻ ചെലവഴിച്ചത്. വില്യം അലക്സാണ്ടറെയും ഭാര്യം മാക്സിമയെയും എതിരേറ്റത് അമ്പലപ്പുഴ വേലകളിയുടെ അകമ്പടിയോടെയാണ്. വഞ്ചിപ്പാട്ടുമായി കുട്ടികളും ഒപ്പം കൂടിയതോടെ ആഘോഷങ്ങളുടെ അനുഭൂതിയുണ്ടായി.

netherland-king

കായൽ യാത്രക്ക് ശേഷം എസ്.എൻ. ജെട്ടിക്കു സമീപത്തെ നെൽവയലിൽ ഇറങ്ങിയ ദമ്പതികൾക്ക് കുട്ടനാട്ടിലെ നെൽകൃഷിയെക്കുറിച്ച് ജില്ലാ കളക്ടർ അദീല അബ്‌ദുള്ള വിശദീകരിച്ചു കൊടുത്തു.കുട്ടനാടുപോലെ സമുദ്രനിരപ്പിൽ നിന്ന് താഴ്ന്ന പ്രദേശമാണ് നെതർലൻഡും. മാത്രമല്ല വെള്ളപ്പൊക്ക ഭീഷണി നിരന്തരം നേരിടുന്ന രാജ്യമാണ് നെതർലൻഡ്. ഹൗസ് ബോട്ട് യാത്രക്കിടെ ചെമ്മീനും കരിമീനുമുൾപ്പെടെ കുട്ടനാടൻ വിഭവങ്ങളാണ് അതിഥികൾക്ക് നൽകിയത്. കാലവർഷത്തിൽ മട വീണ കുട്ടനാട്ടിലെ മുല്ലയ്ക്കൽ പ്രദേശം സന്ദർശകർ നേരിൽക്കണ്ടു.

കേരളത്തിന്റെയത്ര വലിപ്പമുള്ള രാജ്യം 2000ത്തിലധികം തടയണകൾ നിർമ്മിച്ചാണ് അവിടുത്തെ വെള്ളപ്പൊക്ക ഭീഷണി തടയുന്നത്. ഡച്ച് സങ്കേതിക വിദ്യ ഉൾപ്പെടുന്ന പാർപ്പിട പദ്ധതിയിലടക്കം സഹായം വാഗ്ദാനം ചെയ്താണ് അവർ മടങ്ങിയത്