തിരുവനന്തപുരം : ശബരിമലയിൽ വിശ്വാസികൾക്കേറ്റ മുറിവുണങ്ങിയെന്ന് ആരും കരുതേണ്ടെന്ന് കോന്നി മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും ബി.ജെ.പി നേതാവുമായ കെ.സുരേന്ദ്രൻ. ശബരിമലയിലെ പ്രശ്നങ്ങളൊന്നും അവസാനിച്ചിട്ടില്ല. ശബരിമലയുടെ കാര്യത്തിൽ ഗവൺമെന്റിന്റെ നിലപാടിൽ ഒരു ശതമാനം പോലും മാറ്റം വന്നിട്ടില്ല. അതിൽ മാറ്റം വരാത്തിടത്തോളം കാലം ശബരിമല പ്രശ്‌നത്തിൽ ജനങ്ങളുടെ വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക തന്നെ ചെയ്യുമെന്ന് ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കെ. സുരേന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേരിയ വോട്ട് വ്യത്യാസം മാത്രമാണ് മൂന്ന് മുന്നണികളും തമ്മിലുണ്ടായിരുന്നത്. ഇത്തവണ ഞങ്ങൾക്ക് കഴിഞ്ഞ തവണ ലഭിക്കാതിരുന്ന കുറെ വിഭാഗങ്ങളുടെ വോട്ടുകൾ കൂടി ലഭിക്കുമെന്ന് ഓർത്തഡോക്സ് സഭയുടെ പിന്തുണ പരമാർശിച്ച് സുരേന്ദ്രൻ പറഞ്ഞു. എൻ.ഡി.എയ്ക്ക് ഇത്തവണ അനായാസം വിജയിക്കാൻ കഴിയുന്ന മണ്ഡലമാണ് കോന്നിയെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
ശബരിമലയുടെ വോട്ടു കൂടാതെ വികസനത്തിനുള്ള വോട്ടും ഞങ്ങൾക്ക് ഇത്തവണ ലഭിക്കുന്നുണ്ട്. ഉപതിരഞ്ഞെടുപ്പുകളുടെ ഫലം കേരളത്തിൽ കേരളത്തില്‍ ഒരു രാഷ്ട്രീയ മാറ്റത്തിന് കളമൊരുക്കുമെന്നും സുരേന്ദ്രൻ വിശ്വാസം പ്രകടിപ്പിച്ചു.