robbery

ക്രൂരമായ മോഷണ ശ്രമങ്ങൾ ദിനംപ്രതി കണ്ടുകൊണ്ടിരിക്കുന്ന നമുക്ക് മോഷണശ്രമത്തിനിടെ മനുഷ്യത്വം പുലർത്തുന്നത് അത്യപൂർവമായ കാഴ്ചയാണ്. അങ്ങിനെയുള്ള ഒരു കള്ളന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബ്രസീലിലെ ഒരു ഫാർമസിയിൽ ആയുധധാരികളായ രണ്ടുപേർ കയറുകയും അവിടെ നടത്തിയ മോഷണത്തിന്റെ ദൃശ്യങ്ങളുമാണ് ചർച്ചയാകുന്നത്. ചൊവ്വാഴ്ച്ചയാണ് വടക്കുകിഴക്കൻ ബ്രസീലിലെ അമരാന്റയിൽ ഒരു ഫാർമസിയിലേക്ക് ആയുധങ്ങളുമായി മോഷ്ടാക്കൾ അതിക്രമിച്ചു കടന്നത്.

കടയുടമ സാമുവലും ഒരു ജോലിക്കാരനും അയൽവാസിയായ ഒരു വൃദ്ധയുമാണ് അവിടെ ഉണ്ടായിരുന്നത്. കടയിലുണ്ടായിരുന്ന 1000 ഡോളറും ചില സാധനങ്ങളും എടുത്ത് മോഷ്ടാക്കൾ രക്ഷപ്പെടുകയാണ് ചെയ്തത്. മോഷണത്തിനിടെ കള്ളന്മാർ അടുത്തെത്തിയതോടെ പേടികൊണ്ട് വൃദ്ധ തന്റെ കൈവശമുള്ള പണവും മോഷ്ടാവിന് നേരെ നീട്ടി. എന്നാൽ വൃദ്ധയുടെ പണം നിരസിക്കുക മാത്രമല്ല, മറിച്ച് അവരുടെ നെറ്റിയിൽ ഒരു സ്നേഹചുംബനവും കൂടി നൽകിയാണ് മോഷ്ടാക്കൾ മടങ്ങിയത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വീഡിയോ സോഷ്യൽ മീഡിയയിൽ പെട്ടെന്നു തന്നെ വൈറലായി. മോഷ്ടാക്കളെ പിന്തുണച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. സ്ഥലത്ത് പൊലീസ് എത്തി പരിശോധന നടത്തിയെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.