തിരുവനന്തപുരം: അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തെ തുടർന്ന് സംസ്ഥാനത്ത് തുലാവർഷം ശക്തിപ്രാപിച്ചു. ഇതേത്തുടർന്ന് ശനിയാഴ്ച എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
അടുത്ത രണ്ടുദിവസം സംസ്ഥാനത്ത് ശക്തമായ മഴക്ക് സാദ്ധ്യതയുണ്ട്. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിലും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗത്തിലും ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ വടക്കൻകേരള തീരം, ലക്ഷദ്വീപ്, കർണാടക തീരം, മദ്ധ്യകിഴക്ക് അറബിക്കടൽ എന്നിവിടങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്.
തിരുവനന്തപുരം അമ്പൂരി തൊടുമലയിൽ ഉരുൾപൊട്ടി. വൈകിട്ട് നാലുമണിയോടെയാണ് തൊടുമല ഓറഞ്ചുകാട്ടിൽ ഉരുൾപൊട്ടിയത്. ആളപായമില്ലെങ്കിലും മലവെള്ളപ്പാച്ചിലിലും മണ്ണൊലിപ്പിലും വൻ കൃഷിനാശമുണ്ടായി. കോഴിക്കോട് ജില്ലയുടെ മലയോരത്ത് കനത്തമഴ തുടരുകയാണ്. തുഷാരഗിരി പോത്തുണ്ടിയിലെ താല്‍ക്കാലിക പാലം മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി.
മഴയോടനുബന്ധിച്ച് ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി 10 വരെ ശക്തമായ ഇടിമിന്നലിന് സാദ്ധ്യതയുണ്ട്. ഇത്തരം മിന്നൽ അപകടസാദ്ധ്യതയേറിയതായതിനാൽ ജനങ്ങൾ ജാഗ്രതപാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്‍കി.