abhaya-case-

തിരുവനന്തപുരം: സിസ്​റ്റർ അഭയ കൊലക്കേസിൽ രണ്ടാം പ്രതിയായ സെഫി കന്യാചർമം കൃത്രിമമായി ​വച്ചുപിടിപ്പിച്ചതാണെന്ന സി.ബി.ഐ കണ്ടെത്തലുമായി ബന്ധപ്പെട്ട്​ ഡോക്​ടറുടെ നിർണായകമൊഴി അടച്ചിട്ട മുറിയിൽ കോടതി രേഖപ്പെടുത്തി. ആലപ്പുഴ മെഡിക്കൽ കോളജിലെ മുൻ ഗൈനക്കോളജി മേധാവി ഡോ. ലളിതാംബികയുടെ മൊഴിയാണ്​ പ്രതിഭാഗത്തി​ന്റെ ആവശ്യത്തെതുടർന്ന് അടച്ചിട്ട കോടതി മുറിയിൽ നടത്തിയത്​.

വിചാരണയുടെ എല്ലാ വിവരങ്ങളും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയാണ്. അതിനാൽ പ്രതിയുടെ സ്വകാര്യതയെ മാനിച്ച് ഡോക്​ടറുടെ മൊഴിയെടുക്കുന്നത് അടച്ചിട്ട കോടതി മുറിക്കുള്ളിൽ വേണമെന്നായിരുന്നു പ്രതിഭാഗം ആവശ്യപ്പെട്ടത്.

സിസ്​റ്റർ അഭയ കൊലക്കേസ് സി.ബി.ഐ ഏറ്റെടുക്കുന്നതിന് മുമ്പ്​ രണ്ടാം പ്രതി സിസ്​റ്റർ സെഫി കേരളത്തിന് പുറത്തുള്ള സ്വകാര്യ ആശുപത്രിയിൽ കന്യാചർമം കൃത്രിമമായി ​വച്ചുപിടിപ്പിച്ചെന്ന സി.ബി.ഐയുടെ കണ്ടെത്തൽ സംബന്ധിച്ച്​ മൊഴി നൽകാനാണ്​ പ്രോസിക്യൂഷൻ 19ാം സാക്ഷിയായ ഡോ. ലളിതാംബിക കോടതിയിൽ എത്തിയത്.

രാവിലെ പത്തിന്​ ആരംഭിച്ച വിസ്‌താരം ഉച്ചക്ക്​ രണ്ടുമണിവരെ തുടർന്നു. അഭയ കൊലക്കേസിലെ പ്രതികളായ തോമസ് എം.കോട്ടൂർ, സിസ്​റ്റർ സെഫി എന്നീ പ്രതികളുടെ നുണപരിശോധന നടത്തിയ ബംഗളൂരുവിലെ ഫോറൻസിക് വകുപ്പ് ഡോക്ടർമാരായ പ്രവീൺ, കൃഷ്‌ണവേണി എന്നിവരെ വിസ്തരിക്കാൻ കഴിയില്ലെന്നുകാണിച്ച് പ്രതിഭാഗം സമർപ്പിച്ച ഹർജിയിൽ കോടതി ശനിയാഴ്ച വിധി പറയും. അഭയ കൊലക്കേസിലെ രണ്ടാംഘട്ട വിചാരണ തീയതി തീരുമാനിച്ചപ്പോൾ മുതൽ പ്രതിഭാഗം എതിർപ്പുമായി വന്നിരുന്നു. രണ്ടാം ഘട്ടത്തിൽ വിസ്തരിക്കാൻ തീരുമാനിച്ചിരിക്കുന്ന പല സാക്ഷികളും പ്രതികളുടെ ശാസ്ത്രീയ പരിശോധനകൾ നടത്തിയ ഡോക്ടർമാരാണ്.