തിരുവനന്തപുരം: കൊണ്ടും കൊടുത്തുമുള്ള മുന്നണികളുടെ പരസ്യപ്രചാരണത്തിന് മകളിൽ ഇന്ന് കൊട്ടിക്കലാശത്തിന്റെ തിരശീല വീഴും. വട്ടിയൂർക്കാവ് പിടിക്കാൻ മൂന്നു മുന്നണികളും കട്ടയ്ക്ക് നിൽക്കുമ്പോൾ ഇന്നത്തെ ഓരോ മിനിട്ടും നിർണായകമാകും. അതേസമയം കൊട്ടിക്കലാശത്തിന്റെ ക്ളൈമാക്സിൽ മഴ കൊട്ടിക്കയറുമെന്നാണ് കാലാവസ്ഥാ പ്രവചനം. വൈകുന്നേരങ്ങളിൽ പെയ്തിറങ്ങുന്ന മഴയിലും പ്രചാരണത്തിന്റെ ആവേശം ഇരട്ടിക്കുകയാണ്. വോട്ട് കാക്കാൻ സ്ഥാനാർത്ഥികൾ ഓട്ടപ്രദക്ഷിണം നടത്തുമ്പോൾ പ്രമുഖനേതാക്കളും മന്ത്രിമാരും ബൂത്തുകളിൽ പോലുമെത്തി പ്രചാരണം കൊഴിപ്പിക്കുകയാണ്. വാഹന പ്രചാരണ ജാഥകളിൽ മുക്കിലും മൂലയിലുമെത്തി സ്വീകരണം ഏറ്റുവാങ്ങിയശേഷം വോട്ടർമാരെ കാണാനുള്ള തിടുക്കത്തിലാണ് സ്ഥാനാർത്ഥികൾ.
ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതൽ കലാശക്കൊട്ടിന്റെ ആവേശം മുഴങ്ങും. പ്രവർത്തകർ തമ്മിൽ ഉച്ചത്തിൽ തുടങ്ങുന്ന മുദ്രാവാക്യം പിന്നെ ആവേശക്കടലിന് വഴിമാറും. ഏറ്റവും ഉയരത്തിൽ തങ്ങളുടെ പാർട്ടി പതാകകൾ പാറിക്കാൻ അവർ മത്സരിക്കും. ചടുലതാളവും നൃത്തച്ചുവടുകളുമായി വർണങ്ങൾ വാരിവിതറും.
പേരൂർക്കടയിൽ തന്നെയാണ് മുന്നണികളുടെ കലാശക്കൊട്ട്. എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും മുഴുവൻ സന്നാഹവും പേരൂർക്കടയിലേക്കെത്തുമ്പോൾ എൻ.ഡി.എ പ്രവർത്തകർ നാലിടത്തായി കേന്ദ്രീകരിക്കും. പേരൂർക്കട, വലിയവിള, നാലാഞ്ചിറ, വട്ടിയൂർക്കാവ് എന്നിവിടങ്ങളിലാണ് എൻ.ഡി.എയുടെ കൊട്ടിക്കലാശം.
കൂടുതൽ സ്ഥലങ്ങളിൽ കൊട്ടിക്കലാശം നടത്തിയാൽ ജനത്തിന് ബുദ്ധിമുട്ടാകുമെന്നതിനാലാണ് പേരൂർക്കടയിൽ മാത്രമായി ചുരുക്കിയതെന്നാണ് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്രി കൺവീനർ സുദർശൻ പറഞ്ഞത്. ജനത്തെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ശ്രദ്ധിച്ചാണ് കൊട്ടിക്കലാശം നടത്തുകയെന്ന് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്രി സെക്രട്ടറി വി. ശിവൻകുട്ടിയും പറഞ്ഞു. അവസാന വട്ടം പരമാവധി ആളുകളുടെ മുന്നിലേക്കെത്തുക എന്ന ലക്ഷ്യമിട്ടാണ് എൻ.ഡി.എ കൊട്ടിക്കലാശത്തിന്റെ വേദികളുടെ എണ്ണം കൂട്ടിയത്. യാത്രതടസം ഉണ്ടാകാത്ത വിധത്തിലായിരിക്കും ക്രമീകരണമെന്ന് എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അറിയിച്ചു.
കൊട്ടിക്കലാശത്തിനു കാത്തു നിൽക്കാതെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ. പ്രശാന്ത് ഇന്നലെ റോഡ് ഷോ നടത്തി. വൈകിട്ട് അഞ്ചിന് കണ്ണമ്മൂല നിന്നാരംഭിച്ച റോഡ് ഷോ മണ്ഡലത്തിലെ മിക്കവാറും സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് വലിയവിളയിൽ സമാപിച്ചു. ഇന്ന് രാവിലെ പട്ടത്തെ വീടുകൾ സന്ദർശിച്ച് വോട്ടുറപ്പാക്കാനാണ് പ്രശാന്തിന്റെ പരിപാടി. വൈകിട്ട് നാലാകുമ്പോഴേക്കും പേരൂർക്കടയിലെ കൊട്ടിക്കലാശത്തിലേക്ക് പ്രശാന്ത് വന്നിറങ്ങും.
യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മോഹൻകുമാറിന്റെ റോഡ് ഷോ ഇന്നാണ്. വലിയവിള, മരുതൻകുഴി, വെള്ളയമ്പലം, പട്ടം, മടത്തുനട, വയലിക്കട, കുറവൻകോണം, കവടിയാർ, അമ്പലമുക്ക് തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്നു പോകും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്ഥാനാർത്ഥിക്കൊപ്പമുണ്ടാകും.
എൻ.ഡി.എ പ്രവർത്തകർക്ക് ആവേശമേകാൻ കേന്ദ്രമന്ത്രി വി. മുരളീധരൻ ഇന്നെത്തും. സ്ഥാനാർത്ഥി എസ്. സുരേഷിനൊപ്പം റോഡ് ഷോയിൽ പങ്കെടുക്കും. വി. മുരളീധരൻ എത്തുന്നതോടെ പരമാവധി വോട്ടുകൾ നേടാൻ കഴിയുമെന്ന് ആത്മവിശ്വാസത്തിലാണ് എൻ.ഡി.എ. വിട്ടുപോയ പ്രദേശങ്ങളിലായിരുന്നു എസ്. സുരേഷ് ഇന്നലെ ഗൃഹസന്ദർശനം നടത്തിയത്. ഇന്ന് രാവിലെയും അതു തുടരും. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള, ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ തുടങ്ങിയവരും വട്ടിയൂർക്കാവിൽ ഇന്ന് പ്രചാരണത്തിനിറങ്ങും.
ഇന്നലെ വി.എസ്. അച്യുതാനന്ദൻ പ്രചാരണത്തിനിറങ്ങിയതോടെ എൽ.ഡി.എഫ് പ്രവർത്തകരുടെ ആത്മവിശ്വാസം ഇരട്ടിച്ചു. ഇന്നലെ കുറവൻകോണത്തെത്തിയ വി.എസിനെ ആവേശത്തോടെയാണ് സ്വീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രിമാർ എന്നിവരെല്ലാം വട്ടിയൂർക്കാവിലെത്തിയിരുന്നു.
എ.കെ. ആന്റണിയാണ് അവസാന റൗണ്ടിൽ യു.ഡി.എഫിന് ആത്മവിശ്വാസം പകരാനെത്തിയത്. ഇന്നലെ രണ്ടിടങ്ങളിൽ ആന്റണി സംസാരിച്ചു. വ്യാഴാഴ്ച നടന്ന ഉമ്മൻചാണ്ടിയുടെ റോഡ് ഷോ പ്രവർത്തകരെ ആവേശത്തിലാക്കിയിരുന്നു. അനൂപ് ജേക്കബ് ഉൾപ്പെടെയുള്ള മുന്നണി നേതാക്കളും പ്രചാരണത്തിനിറങ്ങി.