തിരുവനന്തപുരം : തുടർച്ചയായി മഴപെയ്തു ഭൂമി തണുത്തതോടെ ഒച്ചുകളുടെ ശല്യം ഗ്രാമ, നഗരമേഖലകളിൽ രൂക്ഷമായി. വീടുകളിലും കൃഷിയിടങ്ങളിലും ഒച്ചുകൾ കൂട്ടത്തോടെ എത്തുന്നത് കാരണം ഗ്രാമ, നഗര ഭേദമില്ലാതെ ജനങ്ങൾ ബുദ്ധിമുട്ടിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു പ്രധാന ഹോട്ടലിൽ പ്രഭാതഭക്ഷണം കഴിക്കുകയായിരുന്ന ഒരാളിന് കടലക്കറിയിൽ നിന്നു ഒച്ചിനെ കിട്ടിയ സംഭവം വിവാദമായിരുന്നു. പരാതി ഉയർന്നതോടെ നഗരസഭാ അധികൃതർ കട പൂട്ടിയെങ്കിലും ഒച്ചുശല്യം നിയന്ത്രിക്കാൻ യാതൊരു നടപടിയും ഉണ്ടാകുന്നില്ല.
ഒച്ചുകൾ കൂട്ടത്തോടെ ചെടികളും മറ്റു വിളകളും പൂർണമായി തിന്നു നശിപ്പിക്കുകയാണ്. വാഴ, ജാതി തുടങ്ങിയവയുടെ തളിരിലകളാണ് ഒച്ച് നോട്ടമിടുന്നത്. കൃഷിയിടങ്ങളിലെ ചേമ്പ്, ചേന, ഇഞ്ചി, വെണ്ട, ചീര, പയർ, വാഴ തുടങ്ങി അഞ്ഞൂറോളം സസ്യങ്ങൾ തിന്നുതീർക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന ആഫ്രിക്കൻ ഒച്ചുകൾ മുതൽ പുറംതോടില്ലാത്ത സാധാരണ ഒച്ചുകൾ വരെ നഗരത്തിലും ഗ്രാമത്തിലും മുട്ടയിട്ട് പെരുകുകയാണ്. കാത്സ്യം ലഭിക്കാനായി ഇവ കോൺക്രീറ്റ് നിർമിത വസ്തുക്കളിൽ പറ്റിപ്പിടിക്കുന്നതിനാൽ വീടുകളുടെ ചുവരുകളിലാകെ ഒച്ചുകൾ നീങ്ങിനടക്കുന്നത് പതിവാണ്. ഒച്ചിന്റെ ആക്രമണം കഴിഞ്ഞാൽ വിളകൾ വാടിപ്പോവുന്നതായി കർഷകർ പറയുന്നു. പകൽസമയങ്ങളിൽ മരങ്ങളിലും ഇലകൾക്കടിയിലും പറ്റിപ്പിടിച്ചിരിക്കുന്ന ഒച്ച് രാത്രിയാണ് കൂടുതലും തീറ്റ തേടി ഇറങ്ങുന്നത്. സംസ്ഥാനത്ത് ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ ഈ ഒച്ചുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ തണുപ്പുള്ള സ്ഥലങ്ങൾ ഇവയ്ക്ക് വാസയോഗ്യമല്ലെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
സംസ്ഥാനത്ത് സാന്നിദ്ധ്യമറിയിച്ചിട്ടുള്ള ആഫ്രിക്കൻ ഒച്ചുകൾ വലിയ അപകടകാരികളാണെന്നാണ് ഇതേക്കുറിച്ച് ഗവേഷണം നടത്തിയ കേരള വനഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞർ പറയുന്നത്. അക്കാറ്റിന ഫൂലിക്ക എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം 2010 മുതലാണ് രൂക്ഷമായത്. മൂന്നുവർഷംവരെ സുഷുപ്താവസ്ഥയിലിരിക്കാൻ കഴിവുള്ള ഒച്ചുകൾ അഞ്ചുവർഷം വരെ ജീവിക്കുമെന്നാണ് പഠനങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്. വർഷകാലത്താണ് ഇവയെ കൂടുതലായി പുറത്തുകാണുക. ആൻജിയോസ്ട്രോഞ്ചൈലിസ് കാന്റോനെൻസിസ് എന്ന വിരയുടെ വാഹകരായതിനാൽ ഇസ്നോഫിലിക് മെനിഞ്ചൈറ്റിസ് എന്ന മസ്തിഷ്കരോഗമുണ്ടാക്കും. 6 മാസം കൊണ്ട് പ്രായപൂർത്തിയാകുന്ന ഒച്ച് മാസങ്ങളുടെ വ്യത്യാസത്തിൽ ആയിരം മുട്ടകളെങ്കിലും ഇടും. ഇതിൽ തൊണ്ണൂറു ശതമാനവും വിരിയും.
എങ്ങനെ പ്രതിരോധിക്കാം
ഒച്ചിന്റെ ശരീരത്തിൽ ഉപ്പിടലാണ് നാടൻ പ്രതിരോധമാർഗം. 60 ഗ്രാം തുരിശും 25 ഗ്രാം പുകയില ലായനിയും ചേർത്ത മിശ്രിതം തളിച്ചും ഇവയെ നശിപ്പിക്കാം. തുരിശ്, പൊട്ടാസ്യം പെർമാംഗനേറ്റ്, ഉപ്പ് ഇവയിൽ ഏതെങ്കിലും വിതറി നശിപ്പിക്കാം. ഒച്ചിന്റെ ദ്രവവും കാഷ്ഠവും പറ്റിപ്പിടിച്ചിരിക്കുന്നതിനാൽ നന്നായി കഴുകിയതിനുശേഷം മാത്രം പച്ചക്കറികൾ ഉപയോഗിക്കുക. കുടിവെള്ളം തിളപ്പിച്ചതിനുശേഷം മാത്രം കുടിക്കുക.