തിരുവനന്തപുരം: നെതർലൻഡ്്സ് രാജാവ് വില്യം അലക്സാണ്ടർ, രാജ്ഞി മാക്സിമ എന്നിവരുടെ കേരള സന്ദർശന വേളയിലെ ഔദ്യോഗിക സ്വീകരണത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ട 'ഗീഥോൺ ടു കേരള' മൾട്ടിമീഡിയ മെഗാ ഷോയ്ക്ക് നെതർലാന്റ് സംഘത്തിന്റെ അഭിനന്ദനം. കേരള -ഡച്ച് ചരിത്രം ദൃശ്യവത്കരിച്ച മെഗാഷോയിൽ അറുപത്തഞ്ചോളം കലാപ്രതിഭകൾ അണിനിരന്നു. സ്ക്രീൻ, സ്റ്റേജ്, വിറ്റ്നസ് കോർട്ട് എന്നീ മൂന്ന് ഇടങ്ങളിലായാണ് ദൃശ്യവിരുന്ന് അവതരിപ്പിക്കപ്പെട്ടത്.
ഡച്ച് ഇന്ത്യൻ സംഗീതധാരകളും പെയിന്റിംഗുകളും രേഖാചിത്രങ്ങളും സമന്വയിപ്പിച്ച് ഡച്ച് -കേരള ചരിത്രത്തെ അടയാളപ്പെടുത്തുന്നതായിരുന്നു അവതരണം. ഡച്ച് ഇന്ത്യൻ ഫ്യൂഷൻ ഡാൻസ്, ഡച്ച് സംസ്കൃതിയെ അവലംബിച്ച് ഉറൂബ് എഴുതിയ മുളകുവള്ളികൾ എന്ന കഥയുടെ തിയേറ്റർ ആവിഷ്കാരം, മൈം, നിറങ്ങളെ അവലംബിച്ചുള്ള നൃത്താവിഷ്കാരം, കേരളീയ കലാരൂപങ്ങളുടെ ദൃശ്യസമന്വയം എന്നിവ അവതരണത്തിൽ കടന്നുവന്നു.
പതിനേഴാം നൂറ്റാണ്ടിലെ ഡച്ച് - കേരള സൗഹൃദാരംഭം മുതൽ കേരള മുഖ്യമന്ത്രി നെതർലാൻഡ് സന്ദർശിച്ച് ഉടമ്പടികൾക്ക് തുടക്കം കുറിച്ചത് വരെയുള്ള ചരിത്ര സാക്ഷ്യങ്ങളാണ് നെതർലാൻഡ് രാജാവിനും രാജ്ഞിക്കും കേരള മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മുന്നിൽ അരങ്ങേറിയത്. പൊതുഭരണ വകുപ്പിനുവേണ്ടി ഭാരത് ഭവൻ ഒരുക്കിയ അവതരണത്തിന് സാക്ഷാത്കാരം നിർവഹിച്ചത് നാടക ചലച്ചിത്ര സംവിധായകനായ പ്രമോദ് പയ്യന്നൂരും സംഘവുമാണ്.