തിരുവനന്തപുരം : മെഡിക്കൽ കോളേജ് വളപ്പിലെ മാലിന്യം ബയോഗ്യാസായി മാറിയപ്പോൾ മൈക്രോബയോളജി ലാബിന് പ്രതിവർഷം ലാഭം 40,00 0രൂപ. നേരത്തേ എൽ.പി.ജി സിലിണ്ടറുകളെയാണ് മൈക്രോബയോളജി ലാബ് ആശ്രയിച്ചിരുന്നത്. ഒരു മാസം നാലു സിലിണ്ടറുകൾ വരെ വേണ്ടി വന്നിരുന്ന സ്ഥാനത്താണ് ഒരു ബയോഗ്യാസ് പ്ലാന്റിൽ നിന്നു ലാബിന് ആവശ്യമായ മുഴുവൻ ഗ്യാസും ലഭിക്കുന്നത്. മൈക്രോബയോളജി ലാബിലെ ബുൻസൻ ബർണറുകൾ ബയോഗ്യാസിൽ ജ്വലിക്കുന്നതിനാൽ ജീവനക്കാർക്ക് അപകടരഹിതമായി ജോലി ചെയ്യാനും സാഹചര്യമൊരുങ്ങി.
മെഡിക്കൽ കോളേജിന്റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ആറു ബയോഗ്യാസ് പ്ലാന്റുകളാണ് വിവിധയിടങ്ങളിലായി പ്രവർത്തിക്കുന്നത്. മറ്റു പ്ലാന്റുകളിലെ ബയോഗ്യാസ് അതത് സ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്ന വിവിധ ഹോസ്റ്റലുകളിൽ ആഹാരം പാകംചെയ്യുന്നതിനായാണ് ഉപയോഗിക്കുന്നത്. ബയോഗ്യാസ് പ്ലാന്റുകൾ സജ്ജീകരിച്ചതിലൂടെ സുരക്ഷിത മാലിന്യ നിർമ്മാർജ്ജനവും മെഡിക്കൽ കോളേജിൽ സാദ്ധ്യമായിരിക്കുകയാണ്. മെഡിക്കൽകോളേജിലും അനുബന്ധ ആശുപത്രികളിലെയും ഹോസ്റ്റലുകളിലെയും ആഹാരാവശിഷ്ടങ്ങൾ 50 കിലോഗ്രാമിന്റെ നിരവധി ബാരലുകളിലാണ് ദിവസേന നീക്കം ചെയ്യുന്നത്.
മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിലും പരിസരത്തുമുള്ള ആഹാരാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യം സംസ്കരിക്കലാണ് ബയോഗ്യാസ് പ്ലാന്റുകളിലൂടെ യാഥാർത്ഥ്യമായിരിക്കുന്നത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു, മെഡിക്കൽ കോളേജ്, എസ്.എ.ടി ആശുപത്രി സൂപ്രണ്ടുമാരായ ഡോ. എം.എസ് ഷർമ്മദ്, ഡോ. എ. സന്തോഷ്കുമാർ എന്നിവരും നോഡൽ ഓഫീസർ ഡി. മധുസൂദനനും ചേർന്നാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
1 മാസം വേണ്ടിയിരുന്നത് 4 സിലിണ്ടറുകൾ
ഇപ്പോൾ പ്രവർത്തിക്കുന്നത് 6 പ്ലാന്റുകൾ
ആശുപത്രിയിലെ മാലിന്യത്തിൽ നിന്ന് ആശുപത്രി ലാബിലേക്കു തന്നെ ഇന്ധനം ഉത്പാദിപ്പിച്ചത് ഒരു സുപ്രധാന നേട്ടമാണ്. -ആശുപത്രി അധികൃതർ