ദീപാവലിക്ക് തിയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കാൻ വിജയ്യും കാർത്തിയും വരുന്നു. വിജയ് നായകനാകുന്ന ബിഗിലും കാർത്തിയുടെ കൈദിയുമാണ് ദീപാവാലിക്ക് തിയേറ്ററുകളെ പൂരപ്പറമ്പാക്കാനെത്തുന്നത്.പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക്് ഫ്രെയിംസും ചേർന്നാണ് ബിഗിൽ കേരളത്തിലെത്തിക്കുന്നത്. അഞ്ചരക്കോടി രൂപയ്ക്കാണ് ഇവർ ബിഗിലിന്റെ കേരള റൈറ്റ് വാങ്ങിയത്. പബ്ളിസിറ്റി ഉൾപ്പെടെ ഏഴ് കോടിയോളം രൂപ ചെലവ് വരും.
ഇതര ഭാഷാ ചിത്രങ്ങൾക്ക് കേരളത്തിൽ പരമാവധി നൂറ്റി ഇരുപത്തിയഞ്ച് തിയേറ്ററുകൾ മാത്രമേ റിലീസിന് അനുവദിക്കുകയുള്ളൂവെന്നതിനാൽ ബിഗിലിനും പരമാവധി 125 തിയേറ്ററുകൾ മാത്രമേ ലഭിക്കുകയുള്ളൂ. തിയേറ്ററുകൾ കുറവായതിനാൽ പുലർച്ചെ നാല് മണിക്ക് ബിഗിലിന്റെ ആദ്യ പ്രദർശനം ആരംഭിക്കാനാണ് തീരുമാനം. നാല് മുതൽ രാത്രി ഒരു മണിവരെ തുടർച്ചയായി പ്രദർശനങ്ങളുണ്ടാവുമെന്നറിയുന്നു.
ഒക്ടോബർ 24ന് ബിഗിലിന്റെ യു.എസ് പ്രീമിയർ നടത്താൻ പദ്ധതിയുണ്ടായിരുന്നെങ്കിലും ലോക വ്യാപകമായി 25ന് റിലീസ് ചെയ്താൽ മതിയെന്ന് നിർമ്മാതാക്കൾ തീരുമാനിക്കുകയായിരുന്നു. യു.എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ ദൈർഘ്യം മൂന്ന് മണിക്കൂറാണ്.
സൂപ്പർഹിറ്റുകളായ തെരിക്കും മെർസലിനും ശേഷം വിജയിനെ നായകനാക്കി അറ്റ്ലി ഒരുക്കുന്ന ബിഗിലിൽ ഫുട്ബാൾ ടീമിന്റെ കോച്ചായാണ് താരം അഭിനയിക്കുന്നത്. നയൻ താരയാണ് നായിക. എ.ആർ. റഹ്മാനാണ് സംഗീത സംവിധായകൻ.
ലോകേഷ് കനകരാജാണ് കാർത്തിയുടെ കൈദി ഒരുക്കുന്നത്. മാ നഗരം എന്ന കന്നിചിത്രത്തിലൂടെ തന്നെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് ലോകേഷ് കനകരാജ്. നരേനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. കാർത്തിക്കിനൊപ്പം തുല്യപ്രാധാന്യമുള്ള ഒരു പൊലീസ് ഒാഫീസറുടെ വേഷത്തിലാണ് നരേൻ കൈദിയിലെത്തുന്നത്. ഹരീഷ് പേരടി, രമണ, ദീന, ജോർജ് മറിയം, ഹരീഷ് ഉത്തമൻ, ഹംസദ്, അർജുൻ ദാസ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. വാര്യർ പിക്ചേഴ്സിന്റെയും വിവേകാനന്ദ പിക്ചേഴ്സിന്റെയും ബാനറിൽ എസ്.ആർ. പ്രകാശ് ബാബു, എസ്.ആർ. പ്രഭു, തിരുപ്പൂർ വിവേക് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നായികയോ പ്രണയ രംഗങ്ങളോ ഈ ചിത്രത്തിലില്ല.
പൂർണമായും രാത്രിയുടെ പശ്ചാത്തലത്തിലാണ് കൈദിയുടെ കഥ നടക്കുന്നത്. അറുപത്തിരണ്ട് രാത്രികളിലായാണ് ചിത്രീകരണം പൂർത്തിയായത്. സാം സി.എസ്. ആണ് കൈദിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
സൂര്യ നായകനായ എൻ.ജി.കെ.യും ജ്യോതിക നായികയായ രാക്ഷസിയും കേരളത്തിലെത്തിച്ച സ്്ട്രെയ്റ്റ് ലൈൻ സിനിമാസാണ് കൈദിയും കേരളത്തിലെത്തിക്കുന്നത്.
ബിഗിലിനും കൈദിക്കുമൊപ്പം മുന്തിരി മൊഞ്ചൻ, വട്ടമേശ സമ്മേളനം എന്നീ ലോ ബഡ്ജറ്റ് മലയാള ചിത്രങ്ങളും ദീപാവലി റിലീസായി തിയേറ്ററുകളിലെത്തും.
നവാഗതനായ വിജിത്ത് നമ്പ്യാർ സംവിധാനം ചെയ്യുന്ന മുന്തിരി മൊഞ്ചനിൽ മനേഷ് കൃഷ്ണനും ദീപിക അനിലുമാണ് നായകനും നായികയും.
വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന വട്ടമേശ സമ്മേളനമാണ് വെള്ളിയാഴ്ച തിയേറ്ററുകളിലെത്തുന്ന മറ്റൊരു ചിത്രം.
വിപിൻ ആറ്റ്ലി, പാഷാണം ഷാജി, നോബി, മെറിന മൈക്കിൾ, സോഹൻ സീനുലാൽ, മേജർ രവി എന്നിവർക്കൊപ്പം സംവിധായകൻ ജിബു ജേക്കബും ചിത്രത്തിലഭിനയിക്കുന്നുണ്ട്.