red-165

എം.എൽ.എ ശ്രീനിവാസ കിടാവ് വല്ലാതെ ഒന്നു ഞെട്ടി.

ഇവൾ എങ്ങനെ ചുങ്കത്തറയിലെ തന്റെ വീട്ടിൽ?

ആ വിവരം ചോദിക്കും മുൻപ് വീണ്ടും ചന്ദ്രകലയുടെ ശബ്ദം കേട്ടു:

''സാറിപ്പോൾ വിചാരിക്കുന്നുണ്ടാവും ഞാൻ എങ്ങനെ സുരേഷിന്റെ വീട്ടിലെന്ന്. അല്ലാതെ പിന്നെ ഞാൻ എങ്ങോട്ടു പോകണം?"

''എടീ..."

ചുറ്റും ഒന്നു നോക്കിക്കൊണ്ട് കടപ്പല്ലു ഞെരിച്ച് കിടാവ് ശബ്ദം താഴ്‌ത്തി.

പിന്നെയും പാമ്പിന്റെ സീൽക്കാരം കണക്കെ ചന്ദ്രകലയുടെ രോഷം പൂണ്ട ശബ്ദം വന്നു:

''സാറ് ഇങ്ങനെ കിടന്നലറണ്ടാ. അതുകൊണ്ട് കാര്യമില്ല. പിന്നെ ഞാൻ എവിടേക്ക് പോകണമായിരുന്നു? എന്റെ പണവും തട്ടിപ്പറിച്ചിട്ട് ഞങ്ങളെ കൊല്ലാൻ ആളുകളെ പിന്നാലെ അയച്ചപ്പോൾ?"

കിടാവിന് ഉത്തരം മുട്ടി.

എങ്കിലും വല്ല വിധേനയും പറഞ്ഞു:

''നീ എന്തുഭാവിച്ചാടീ?"

''പലതും ഭാവിച്ചിട്ടുതന്നെ."

ഉരുളയ്ക്ക് ഉപ്പേരി കണക്കെ അവളുടെ മറുപടി.

''കലേ..." ശബ്ദം കഴിവതും മയപ്പെടുത്തി കിടാവ്. ''കോവിലകത്തിന്റെ നടുമുറ്റത്തുനിന്ന് ഒരസ്ഥിപഞ്ജരം പൊലീസിനു കിട്ടിയിട്ടുണ്ട്. സി.ഐ അലിയാർ അതിന്റെ പിന്നാലെയാ.. നീ കു‌രുങ്ങും. അല്ലെങ്കിൽ എവിടെയെങ്കിലും പോയി ഒളിച്ചോ വേഗം."

കുപ്പിച്ചില്ലുകൾ വാരിയെറിയും പോലെ ചന്ദ്രകലയുടെ ചിരി:

''കിടാവു സാറേ... ഒളിക്കാൻ ഇതിനേക്കാൾ പറ്റിയ ഒരു സ്ഥലം വേറെ കിട്ടില്ല. അങ്ങനെ പോയപ്പോൾ പോലും നിങ്ങളയച്ച കൊലയാളികൾ പിൻതുടർന്നു വന്നു. മാത്രമല്ല..."

ഒന്നു നിർത്തിയിട്ട് അവൾ തുടർന്നു:

''രണ്ടും കൽപ്പിച്ചു തന്നെയാ ഞാനും. ഞാൻ കുരുങ്ങിയാൽ സാറും കുരുങ്ങും. ഞാൻ കുരുക്കും. നമ്മൾ ഒന്നിച്ചു കാണിച്ച ഒരുപാട് തെറ്റുകളുണ്ട്. അറിയാമല്ലോ... നിങ്ങൾ എന്റെ ഭർത്താവിനെ കൊന്നതടക്കം. നിങ്ങൾ എന്റെ കൂടെ കിടപ്പറ പങ്കിട്ടതുവരെ... അതൊക്കെ ഞാൻ ടേപ്പു ചെയ്ത് പെൻഡ്രൈവിൽ സൂക്ഷിച്ചിട്ടുണ്ട്.

എന്നെ ഒറ്റയ്ക്കങ്ങ് ഇരുമ്പഴിക്കുള്ളിൽ ആക്കുവാൻ ശ്രമിച്ചാൽ ഒപ്പം സാറും ഉണ്ടാകും. എന്റെ കയ്യിലിരിക്കുന്ന ക്ളിപ്പിംഗുകൾ ഞാൻ സോഷ്യൽ മീഡിയയിൽ ഇടും. നിങ്ങളുടെ രാഷ്ട്രീയ ഭാവിയും കുടുംബഭദ്രതയും ഐസ് പോലെ അലിഞ്ഞില്ലാതെയാകും.

അല്ലെങ്കിൽ ഞാൻ പറയുന്നതുപോലെ നിങ്ങൾ ചെയ്യണം."

ശ്രീനിവാസ കിടാവ് വിവശനായി. തന്റെ ഭാര്യ രേണുകയെങ്ങാനും ഇതൊക്കെ അറിഞ്ഞാൽ അതോടെ തീർന്നു, എല്ലാം.

കിടാവ് വേഗം മുറ്റത്തേക്കിറങ്ങി. കുറച്ചകലേക്കു മാറിനിന്നു തിരക്കി:

''നിനക്കിപ്പോൾ എന്തുവേണം?"

''വേണ്ടത് രണ്ടു കാര്യങ്ങൾ..

എനിക്ക് ഇവിടെത്തന്നെ താമസിക്കണം. പിന്നെ നിങ്ങൾ പിന്നാലെ വിട്ട് തട്ടിയെടുത്ത എന്റെ പണം. ഒറ്റ രൂപ കുറയാതെ പത്ത് കോടിയും."

കിടാവിന്റെ സിരകളിൽ രോഷം പുകഞ്ഞു.

''നീ ശരിക്കു ചിന്തിച്ചിട്ടാണോ ഈ പറയുന്നത്?"

''അതെ."

''ശരി ഞാൻ വിളിക്കാം."

കിടാവ് കാൾ മുറിച്ചു. തന്റെ കഴുത്തിൽ ചുറ്റിയ രാജവെമ്പാലയാണ് ചന്ദ്രകലയെന്ന് അയാൾക്കു തോന്നി.

അവളെ നശിപ്പിക്കണം.

എത്രയും വേഗം ആരും സംശയിക്കാത്ത തരത്തിൽ... ഡെഡ് ബോഡി തന്റെ ഫാംഹൗസിൽ വാഴകൾക്കു വളമാകണം.

ആ ചിന്തയോടെ കിടാവ് പരുന്ത് റഷീദിനെ വിളിച്ചു.

''നീ എവിടെയാടാ?"

''ഇപ്പോൾ വഴിക്കടവിൽ ഉണ്ട്."

''എങ്കിൽ വേഗം ചുങ്കത്തറയ്ക്കു വാ."

''കാര്യം എന്താ സാറേ?"

''ഒക്കെ പറയാം. നിനക്കു പറ്റിയ നാലഞ്ചു പേരെക്കൂടി ഒപ്പം കൊണ്ടുപോരെ..."

പരുന്തു സമ്മതിച്ചു.

ആ സമയം ചുങ്കത്തറയിലെ വീട്ടിൽ റിസീവർ ക്രാഡിലിൽ വച്ചിട്ട് പ്രജീഷിനെ നോക്കി ചിരിക്കുകയായിരുന്നു ചന്ദ്രകല.

''അയാൾ ഇടയ്ക്ക് കാലുമാറുമോ?" പ്രജീഷിനു സംശയം.

''സാദ്ധ്യത കുറവാണ്. ഇപ്പോൾത്തന്നെ ശരിക്കു ഭയന്നതായി എനിക്കു തോന്നുന്നു."

''സൂക്ഷിക്കണം. അയാൾ രാഷ്ട്രീയക്കാരനാണ്."

പ്രജീഷ് മുന്നറിയിപ്പു നൽകി.

''നമുക്കു നോക്കാം."

പ്രജീഷ് എഴുന്നേറ്റു.

''ഞാൻ ഈ വീടൊന്ന് അരിച്ചുപെറുക്കാൻ പോകുകയാ. വല്ല സ്വർണ്ണമോ മറ്റോ പൂഴ്‌ത്തി വച്ചിട്ടുണ്ടെങ്കിലോ?"

അയാൾ മുറിവിട്ടു.

********

തന്റെ ക്വാർട്ടേഴ്സിലായിരുന്നു സി.ഐ അലിയാർ.

ഒരു കോൺസ്റ്റബിളിനെ വിട്ടു വാങ്ങിപ്പിച്ച ബ്രേക്ക് ഫാസ്റ്റ് കഴിക്കുവാൻ തയ്യാറെടുക്കുകയായിരുന്നു അയാൾ.

അടുത്ത നിമിഷം ഫോൺ ഇരമ്പി. സൈബർ സെല്ലിലെ ദാസപ്പനാണു വിളിക്കുന്നത് എന്നറിഞ്ഞു.

''പറയൂ ദാസപ്പാ..." അലിയാർ ഫോൺ കാതിലമർത്തി.

''സാർ.. ഇപ്പോൾ ചന്ദ്രകല, കിടാവ് സാറിനെ വിളിച്ചിരുന്നു."

''ങ്‌ഹേ?"

അലിയാർക്ക് ഉത്സാഹമായി.

''അവരു തമ്മിൽ സംസാരിച്ചതെന്താ?"

ദാസപ്പൻ ഒന്നും വിട്ടുപോകാതെ പറഞ്ഞു. അലിയാരുടെ കണ്ണുകളിൽ ഒരു തിളക്കം വന്നു.

അപ്പോൾ ചന്ദ്രകലയും പ്രജീഷും ചുങ്കത്തറയിലെ സുരേഷിന്റെ വീട്ടിലുണ്ട്.

ബ്രേക്ക് ഫാസ്റ്റ് ഇരുന്ന പാത്രം തള്ളി നീക്കിക്കൊണ്ട് അലിയാർ ചാടിയെഴുന്നേറ്റു.

(തുടരും)