raudram-review

കേരള ജനത ഭീതിയുടെ മുള്‍മുനയില്‍ നിന്ന വര്‍ഷമായിരുന്നു 2018. പ്രകൃതിയുടെ രൗദ്രഭാവത്തിന് ഇരയായി ജീവനും ജീവിതവും നഷ്ടപ്പെട്ട നിരവധിയാളുകള്‍. ഒന്നാം പ്രളയത്തില്‍ വീടുകളിലും മറ്റും കുടുങ്ങിപ്പോയ നിരവധിയാളുകളുണ്ട്. അത്തരത്തില്‍ പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയ വൃദ്ധദമ്പതികളുടെ ജീവിതമാണ് 'രൗദ്രം 2018' ലൂടെ സംവിധായകന്‍ ജയരാജ് തുറന്ന് കാണിക്കുന്നത്.

മുറ്റത്തും മറ്റും വെള്ളം കയറുന്നത് ആദ്യം നമ്മള്‍ കൗതകത്തോടെ നോക്കിനിന്നു. പതിയെപതിയെ വെള്ളം കയറി വീട് വരെ മുങ്ങിയ ആ അവസ്ഥ ഇന്നും ഒരു പേടിയോടെ നമ്മുടെ ഉള്ളിലുണ്ട്. പ്രകൃതിയുടെ ഈ രൗദ്രഭാവം തന്നെയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

raudram-review

ചെങ്ങന്നൂര്‍ പാണ്ടനാട് ഒരു വീട്ടില്‍ അകപ്പെട്ടുപോയ വൃദ്ധദമ്പതികള്‍. കുഞ്ഞുന്നാളുമുതല്‍ പ്രണയിച്ച രണ്ടുപേര്‍. എന്നാല്‍ പലകാരണങ്ങള്‍ കൊണ്ടും ഒന്നാകാന്‍ ശാസ്ത്രജ്ഞനും അദ്ധ്യാപികയ്ക്കും റിട്ടേര്‍ഡ്‌മെന്റുവരെ കത്തുനില്‍ക്കേണ്ടിവരുന്നു. ഓര്‍മ നഷ്ടപ്പെട്ട പ്രിയപ്പെട്ടവനെ ചികിത്സിക്കാന്‍ അമേരിക്കയിലേക്ക് പോകുന്ന മേരി ടീച്ചറിന് ചില കാരണങ്ങള്‍ കൊണ്ട് യാത്ര മുടങ്ങി തിരിച്ച് വരേണ്ടിവരുന്നു.

ചുറ്റുമുള്ളവരൊക്കെ ഒഴിഞ്ഞ്‌പോയിക്കഴിഞ്ഞു. ഇവര്‍ വീട്ടിലുണ്ടെന്ന് പുറംലോകം അറിയുന്നുമില്ല. അകത്ത് വെള്ളം കയറുന്നതനുസരിച്ച് ആരോഗ്യമില്ലാത്ത ടീച്ചര്‍ ഭര്‍ത്താവിനെയും കൊണ്ട് മുകളിലേക്ക് കയറിക്കയറി തട്ടിന്‍പുറത്തെത്തുന്നു. അവിടെ ചിതറിക്കിടക്കുന്ന പഴയകാല ഓര്‍മ്മകള്‍... ഉപ്പിലിട്ട മാങ്ങയും, മഴവെള്ളവും കഴിച്ച് വിശപ്പടക്കുന്നതും പ്രളയത്തിന്റെ ആ ഭീകരതയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. അപ്രതീക്ഷിതമായി വീണ്ടും കയറിവരുന്ന വെള്ളം അവരെ തകര്‍ത്ത് കളയുന്നു.

അനുഭവിച്ചവരുടെ കാഴ്ചപ്പാടിലൂടെയാണ് സംവിധായകന്‍ പ്രളയത്തിന്റെ ഭീകരത തുറന്ന് കാണിക്കുന്നത്. ജയരാജിന്റെ നവരസ സീരീസിലെ ഏഴാമത്തെ ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

raudram-review

അതേസമയം ചിത്രത്തിലെ ചില കാഴ്ചകൾ നാച്വറാലിറ്റിക്ക് പകരം കൃത്രിമത്വമാണ് ഫീൽ ചെയ്യുന്നത്. മച്ചിൻപുറത്ത് നിന്ന് മേരി ടീച്ചർ ചെറിയ ദ്വാരത്തിലൂടെ പുറത്തേക്ക് നോക്കുമ്പോഴുള്ള മലവെള്ളപാച്ചിൽ മറ്റെവിടെയോ നടക്കുന്ന ഒരു സംഭവമായിട്ട് കാഴ്ചക്കാരന് അനുഭവപ്പെടുന്നു.

ചിത്രത്തില്‍ എടുത്ത് പറയേണ്ടത് വൃദ്ധദമ്പതികളായി എത്തിയ രണ്‍ജി പണിക്കറുടെയും കെ.പി.എ.സി ലീലയുടെയും അഭിനയം തന്നെയാണ്. പതിവ് കഥാപാത്രങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തനാണ് രണ്‍ജി പണിക്കര്‍. ഒരു കാലത്ത് നാടകങ്ങളിലൂടെ കേരളക്കരയെ ഒന്നടങ്കം കരയിച്ച കെ.പി.എ.സി ലീലയുടെ ഗംഭീര തിരിച്ച് വരവ് കൂടിയാണ് ഈ സിനിമയിലൂടെ നടത്തിയിരിക്കുന്നത്.ഇവരെക്കൂടാതെ സബിത ജയരാജ്, സരയൂ, ബിനു പപ്പു, എന്‍.പി. നിസ, നിഖില്‍ രഞ്ജി പണിക്കര്‍ എന്നിവരും വിവിധ വേഷങ്ങളിലെത്തുന്നു.

നിഖില്‍ എസ്. പ്രവീണ്‍ ഛായഗ്രഹണവും ജിനു ശോഭ ചിത്രസംയോജനവും സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. പ്രകൃതി പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഡോ. സുരേഷ് കുമാര്‍ മുട്ടത്താണ് ചിത്രം നിര്‍മ്മിച്ചത്.

വാല്‍ക്കഷണം: പ്രകൃതിയുടെ രൗദ്രഭാവം

റേറ്റിംഗ്: 2.5/5