bjp

വട്ടിയൂർക്കാവ്: ഉപതിരഞ്ഞെടുപ്പുകൾക്ക് ഇനി രണ്ടുനാൾ. ഈ സമയം കേരളം മുഴുവൻ ഉറ്റുനോക്കുന്നത് ശക്തമായ ത്രികോണ മത്സരം നടക്കുന്ന വട്ടിയൂർക്കാവിലേക്കാണ്. അവസാന നിമിഷം യു.ഡി.എഫിന് എൻ.എസ്.എസ് നൽകിയ പരസ്യ പിന്തുണകൊണ്ടും വട്ടിയൂർക്കാവ് ശ്രദ്ധേയമായി. ഇപ്പോഴിതാ എൻ.എസ്.എസിന്റെ ശരിദൂരം ആർക്ക് ഗുണം ചെയ്യുമെന്ന് ജനങ്ങൾ തീരുമാനിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബി.ജെ.പി സ്ഥാനാർത്ഥി എസ്. സുരേഷ്.

ആചാരത്തിന്റെയും വിശ്വാസത്തിന്റെയും ധർമ്മത്തിന്റെയും സത്യത്തിന്റെയും ദൂരമാണ് ശരിദൂരമെന്നും,​ അത് ശരിയെന്ന് വിശ്വസിച്ചാണ് മണ്ഡലത്തിൽ ബി.ജെ.പി പ്രവ‌ർത്തനം മുന്നോട്ട് പോകുന്നതെന്നും,​അതിനാൽത്തന്നെ തങ്ങൾക്ക് പരാതിപ്പെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയിരുന്നു. എൻ.എസ്.എസ്. ജനറൽ സെക്രട്ടറി യു.ഡി.എഫ് കൺവീനറെപ്പോലെ പ്രവർത്തിക്കുന്നുവെന്ന് കോടിയേരി ആരോപിച്ചിരുന്നു. കൂടാതെ വട്ടിയൂർക്കാവിൽ യുഡിഎഫിന് വേണ്ടി എൻ.എസ്.എസ് പരസ്യമായി രംഗത്തിറങ്ങിയതിൽ ഇടത് മുന്നണിക്ക് അതൃപ്തിയുണ്ട്.

വട്ടിയൂർക്കാവിൽ സമുദായം പറഞ്ഞ് വീടുകൾ കയറി വോട്ട് ചോദിച്ച സാമുദായിക സംഘടനകൾക്കെതിരെ സി.പി.എം തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു . അതേസമയം, ജാതിയും മതവും പറഞ്ഞ് വോട്ട് പിടിച്ച് കലാപ ഭൂമിയാക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കഴിഞ്ഞദിവസം വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.