മലപ്പുറം : റബർ കടയിൽ ജീവനക്കാരനായ ജിഷ്ണുവിന് സ്ഥിരമായി ലോട്ടറി എടുക്കുന്ന സ്വഭാവമില്ല, എന്നാൽ കാഴ്ചശേഷി നഷ്ടമായ ലോട്ടറി ഏജന്റിനെ ഒരു ലോട്ടറി എടുത്ത് സഹായിക്കാൻ തീരുമാനിച്ച ജിഷ്ണുവിന്റെ പ്രവർത്തി കാണാതിരിക്കുവാൻ ഭാഗ്യദേവതയ്ക്കായില്ല, നന്മ നിറഞ്ഞ മനസിന് എൺപത് ലക്ഷത്തിന്റെ ഒന്നാം സമ്മാനം നൽകി അനുഗ്രഹിക്കുകയാണ് ചെയ്തത്. തുവ്വൂർ കിളിക്കുന്ന് അറനിക്കൽ ജിഷ്ണുവിന് (28) ആണ് കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്. ലോട്ടറി ഏജന്റായ ചെമ്പ്രശേരി സ്വദേശിയായ സുരേഷ് ബാബുവിന് സഹായമാകട്ടെ എന്ന് കരുതിയാണ് ജിഷ്ണു ലോട്ടറി എടുത്തത്. ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് തുവ്വൂർ റൂറൽ സഹകരണ സംഘത്തിൽ ഏൽപ്പിച്ചിരിക്കുകയാണ്.