മലപ്പുറം: സിവിൾ സർവീസിൽ ഒ.ബി.സി ക്വാട്ടയിൽ കടന്നുകൂടാനായി വ്യാജരേഖ ചമച്ച കേരള കേഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ കേന്ദ്ര അന്വേഷണം. നിലവിൽ മലബാർ മേഖലയിൽ ഈ ഐ.എ.എസുകാരൻ വ്യാജരേഖ സമർപ്പിച്ചത് സംബന്ധിച്ച് കേന്ദ്ര പേഴ്‌സണൽ ആൻഡ് ട്രെയിനിംഗ് മന്ത്രാലയമാണ് അന്വേഷണം ആരംഭിച്ചത്. ഈ കുറ്റം തെളിയിക്കപ്പെടുകയാണെങ്കിൽ ഇയാൾക്ക് ഐ.എ.എസ് പദവി നഷ്ടപ്പെടും. 2016 ബാച്ച് ഉദ്യോഗസ്ഥനായ സബ് കളക്ടറോട് ഹിയറിംഗിനായി എറണാകുളം കളക്ടർ എസ്.സുഹാസിന്റെ മുൻപിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
2015ൽ 215ാം റാങ്കോടെ സിവിൽ സർവീസ് പരീക്ഷ പാസായ ഇയാൾ പിന്നാക്ക ക്രിമിലയർ വിഭാഗത്തിൽ നിന്നും ഒഴിവാകാൻ വരുമാനം കുറച്ച് കാണിച്ചുവെന്നും അത് സംബന്ധിച്ച് വ്യാജരേഖ ഹാജരാക്കിയെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. യു.പി.എ.സിക്ക് നൽകിയ അപേക്ഷാഫോമിൽ അച്ഛനമ്മമാർക്ക് പാൻകാർഡ് ഇല്ലെന്നും ആദായനികുതി റിട്ടേൺ ഫയൽ ചെയ്തിട്ടില്ലെന്നും ഐ.എ.എസ് ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു. എന്നാൽ ഇത് വാസ്തവവിരുദ്ധമാണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. ഇയാൾ 2012 മുതൽ 2015 വരെയുള്ള കാലഘട്ടങ്ങളിലായി സമർപ്പിച്ച അപേക്ഷാഫോമുകളിൽ 1.8 ലക്ഷം, 1.9 ലക്ഷം, 2.4 ലക്ഷം എന്നിങ്ങനെയായിരുന്നു വരുമാനം രേഖപ്പെടുത്തിയിരുന്നത്. ക്രിമിലയർ പരിധി ആറ് ലക്ഷം രൂപയായിരുന്നു.
ഇയാളുടെ കുടുംബത്തിന്റെ വാർഷിക വരുമാനം കണക്കാക്കാൻ എറണാകുളം കളക്ടർ തഹസിൽദാർക്ക് നിർദ്ദേശം നൽകിയിരുന്നു. തഹസിൽദാർ നൽകിയ റിപ്പോർട്ട് അനുസരിച്ച് ഐ.എ.എസുകാരന്റെ കുടുംബത്തിന്റെ 2012-13ലെ വാർഷിക വരുമാനം 21,80,967 രൂപയും 2013-14ൽ 23,05,100 രൂപയും 2014-15ൽ 28,71,375 രൂപയുമാണ്.ഇതനുസരിച്ച് ഇയാൾ നൽകിയ നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും അസാധുവാകും.
അങ്ങനെയുണ്ടായാൽ ഒ.ബി.സി നോൺ ക്രിമിലെയർ ക്വാട്ട മൂലം ലഭിച്ച സിവിൽ സർവീസ് റാങ്കും അസാധുവാകും. മാത്രമല്ല, യു.പിഎസ്.സിക്ക് തെറ്റായ വിവരങ്ങൾ നൽകിയതിന് ഇയാൾക്കെതിരെ ശിക്ഷാ നടപടിയും ഉണ്ടാകും. ജൂണിലാണ് ഇദ്ദേഹത്തിനതിരെ അന്വേഷണം ആവശ്യപ്പെട്ടു കേന്ദ്ര പേഴ്സനൽ മന്ത്രാലയത്തിൽനിന്നു ചീഫ് സെക്രട്ടറിക്കു കത്തു ലഭിച്ചത്.