red-166

''സാർ കഴിക്കുന്നില്ലേ?" എല്ലാം നോക്കിനിന്ന പോലീസുകാരന് സന്ദേഹം.

മറുപടി നൽകിയില്ല അലിയാർ. പകരം അയാൾ സ്റ്റേഷനിലേക്കു വിളിച്ചു. എസ്.ഐ സുകേശിനെ കിട്ടി.

''സാർ..." സുകേശിന്റെ ഒച്ച.

''ഞാൻ പതിനഞ്ചു മിനുട്ടിനുള്ളിൽ അങ്ങെത്തും സുകേശേ... താനും രണ്ടുമൂന്ന് പോലീസുകാരും റെഡിയായി നിൽക്കുക."

അത്രമാത്രം പറഞ്ഞിട്ട് അലിയാർ വേഗം യൂണിഫോം ധരിച്ചു.

ഡ്രൈവറെ മാറ്റിയിട്ട് ബൊലേറോയുടെ ഡ്രൈവർ സീറ്റിൽ കയറി. മിന്നൽ വേഗത്തിൽ ആ പോലീസ് വാഹനം ഗേറ്റുകടന്നു...

**** *****

സുരേഷ്‌കിടാവിന്റെ വീടിന്റെ ഓരോ മുറിയിലും ശരിക്കു പരിശോധന നടത്തി പ്രജീഷ്. അലമാരകൾ കുത്തിത്തുറന്നുവരെ അന്വേഷിച്ചു.

പക്ഷേ ഒന്നും കിട്ടിയില്ല.

പെട്ടെന്ന് പ്രജീഷിന്റെ കണ്ണുകൾ ഒരു മുറിയുടെ നടുവിൽ കിടക്കുന്ന ചതുരപ്പെട്ടി പോലെയുള്ള ടീപ്പോയിൽ തറഞ്ഞു.

അയാൾ അത് തുറന്ന് അടപ്പ് മുകളിലേക്കുയർത്തി.

പെട്ടെന്ന് ആശ്ചര്യസൂചകമായ ഒരു ശബ്ദം അയാളിൽ നിന്നുണ്ടായി.

''കലേ..."

അവിടെ നിന്നുകൊണ്ട് പ്രജീഷ് വിളിച്ചു.

''ദേ വരുന്നു."

ചന്ദ്രകല ഓടി​യെത്തി​.

''ഇത് നോക്കിയേ..." അയാൾ ടീപ്പോയ്ക്കുള്ളിലേക്കു കൈ ചൂണ്ടി.

ചന്ദ്രകലയുടെ മിഴികൾ വല്ലാതെ വെട്ടി.

അതിനുള്ളിൽ ഒരു ലതർ ബോക്സ്!

തങ്ങൾ മായാറിലേക്കു പണവും കൊണ്ടുപോയ അതേ സാധനം.

''അതെടുക്ക് പ്രജീഷ്."

പ്രജീഷ്, പെട്ടി താങ്ങിയെടുത്ത് തറയിൽ വച്ചു.

''തുറക്ക്."

പെട്ടിതുറന്നു നോക്കിയ പ്രജീഷിന്റെ കണ്ണുകൾ അവിടത്തന്നെ തറഞ്ഞുനിന്നു.

തങ്ങളുടെ പണം!

അത് അടുക്കിവച്ച അതേ നിലയിൽത്തന്നെയുണ്ട്.

ചന്ദ്രകലയ്ക്കു സന്തോഷം കൊണ്ട് തുള്ളിച്ചാടണം എന്നു തോന്നി.

********

നിലമ്പൂർ പോലീസ് സ്റ്റേഷൻ.

സി.ഐ അലിയാരുടെ ബൊലേറോ അങ്ങെത്തി. എസ്.ഐ സുകേശും മൂന്നു പോലീസുകാരും കാത്ത് നിന്നിരുന്നു.

അലിയാർ, വിൻഡോയുടെ ഭാഗത്തുകൂടി തല പുറത്തേക്കു നീട്ടി.

വനിതാ കോൺസ്റ്റബിൾസ് ആരെങ്കിലുമുണ്ടോ സുകേശേ?"

''മേരിക്കുട്ടി ഉണ്ട് സാർ."

''വിളിക്ക്."

മേരിക്കുട്ടിയും വന്നു.

''വേഗം കയറിക്കോ."

എല്ലാവരും ബൊലേറോയിൽ കയറി.

ബൊലേറോ റോഡിലേക്കു പാഞ്ഞിറങ്ങി.

*****

എം.എൽ.എ ശ്രീനിവാസ കിടാവ് അസ്വസ്ഥനായി പുൽത്തകിടിയിലൂടെ അങ്ങിങ്ങു നടന്നു.

പെട്ടെന്ന് പരുന്ത് റഷീദിന്റെ കാൾ വന്നു.

''ഞങ്ങൾ ചുങ്കത്തറയിലെത്തി സാറേ... കയ്യിൽ കിട്ടുമ്പോൾത്തന്നെ തീർത്തേക്കട്ടേ രണ്ടിനേം..."

''തീർത്തേര്... പിന്നെ ആ വീട്ടിൽ പണമടങ്ങിയ പെട്ടി ഉണ്ടോയെന്നു നോക്കണം. സുരേഷിനെയാണല്ലോ നിങ്ങളത് സൂക്ഷിക്കാൻ ഏൽപ്പിച്ചത്?"

''അതെ സാർ..."

''എങ്കിൽ വേഗം ചെല്ല്. നിന്റെ അടുത്ത കോൾ ഞാൻ പ്രതീക്ഷിക്കുകയാണ്. അവർ രണ്ടുപേരും മരിച്ചുവെന്നുള്ള കാൾ."

''അങ്ങനെ നടന്നിരിക്കും സാർ."

പരുന്ത് സമ്മതിച്ചു.

''നിങ്ങളിപ്പോൾ എത്രപേരുണ്ട്?"

''ഞാനടക്കം അഞ്ചുപേർ."

''നല്ലത്. അവരുടെ നിലവിളി പോലും ആരും കേൾക്കുവാൻ ഇടയാകരുത്."

''ഒരിക്കലുമില്ല സാർ..."

അഞ്ചു മിനിട്ടു കഴിഞ്ഞപ്പോൾ പരുന്ത് റഷീദും സംഘവും സുരേഷ് കിടാവിന്റെ ഗേറ്റിൽ എത്തി.

ഡ്രൈവർ ഒഴികെയുള്ളവർ ചാടിയിറങ്ങി. ഗേറ്റു പൂട്ടിയിരിക്കുകയാണ്.

കെട്ടിടത്തിന്റെ മുൻവാതിൽ തുറന്നുകിടക്കുന്നതു കണ്ടു.

''ചാടിക്കടന്നോ. നമുക്ക് സമയം കളയാനില്ല."

പരുന്ത് മറ്റുള്ളവരെ നോക്കി.

നിമിഷത്തിനുള്ളിൽ അഞ്ചുപേരും ഗേറ്റു ചാടിക്കടന്നു.

ഇര തേടുന്ന പുലികളെപ്പോലെ അവർ തുറന്നുകിടന്നിരുന്ന വാതിൽ വഴി അകത്തേക്കു പാഞ്ഞുകയറി.

ഒരിടത്തും ഒച്ചയോ അനക്കമോ ഇല്ല...

ഓരോ മുറിയും അവർ പരിശോധിച്ചു.

ചന്ദ്രകലയും പ്രജീഷുമില്ല.

എന്നാൽ അവിടെ ആൾപ്പെരുമാറ്റം ഉണ്ടായിരുന്നതിന്റെ ലക്ഷണങ്ങൾ കണ്ടു.

പരുന്ത്, എം.എൽ.എ കിടാവിനെ വിളിച്ചു വിവരം നൽകി.

''വിടരുത് പരുന്തേ അവരെ. അധിക ദൂരമാന്നും പോയിരിക്കുവാനിടയില്ല... തപ്പ്. തപ്പിപ്പിടിച്ച് കൊന്നുതള്ള്."

കിടാവിനു തിടുക്കമായി.

''പിന്നെ പണമടങ്ങിയ ആ പെട്ടി കണ്ടോടാ?"

''ഇല്ല സാർ. പക്ഷേ അലമാരകൾ എല്ലാം തുറന്നുകിടക്കുന്ന നിലയിലാണ്."

''എങ്കിൽ നിങ്ങളിറങ്ങിക്കോ."

''ശരി സാർ."

പരുന്ത് തിരിഞ്ഞ് ഒപ്പം വന്നവരെ നോക്കി.

''വരിൻ. ഇന്ന് നമ്മൾ ചന്ദ്രകലയെയും പ്രജീഷിനെയും തീർത്തിരിക്കും."

എന്നാൽ....

മുൻവാതിൽ വഴി സിറ്റൗട്ടിലേക്കിറങ്ങിയ പരുന്തും സംഘവും നടുങ്ങിപ്പോയി...

തൊട്ടുമുന്നിൽ സി.ഐ അലിയാരുടെ കത്തുന്ന മുഖം. പിന്നിൽ പോലീസുകാർ!

(തുടരും)