ഏതൊരാൾക്കും ഉണ്ടാകും ജീവിതത്തിൽ ഒരു പ്രണയം. അങ്ങനെയൊന്നുമില്ലെന്ന് ചിലർ പറയുമെങ്കിലും മനസിന്റെ ഉള്ളിൽ എവിടെയെങ്കിലും മൊട്ടിട്ടുള്ള പ്രണയമില്ലാത്തവരായി ആരുമില്ലെന്നാണ് പറയപ്പെടുന്നത്. നമ്മുടെ സൂപ്പർ സ്‌റ്റാർ രജനികാന്തിനുമുണ്ടായിരുന്നു അങ്ങനെയൊരു നിർമ്മല പ്രണയമെന്ന് പറയുകയാണ് നടൻ ദേവൻ. ബാഷ സിനിമയുടെ ചിത്രീകരണം നടക്കുമ്പോൾ മനസു തുറന്ന് ഇക്കാര്യം തന്നോട് രജനി പറഞ്ഞതാണെന്ന് ദേവൻ പറയുന്നു. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ദേവൻ ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവച്ചത്.
ദേവന്റെ വാക്കുകൾ-
'ബാഷായുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഞാൻ ബോംബയിൽ പോയിരുന്നു. ഹോട്ടലിൽ എന്റെയും രജനിസാറിന്റെ റൂമുകൾ അടുത്തടുത്തായിരുന്നു. ഫസ്‌റ്റ് ഡേ ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ രജനി സാർ എന്നെ രാത്രി ഒരുമിച്ച് ഭക്ഷണം കഴിക്കാനായി ക്ഷണിച്ചു. ശരി സാർ എന്ന് മറുപടി പറഞ്ഞെങ്കിലും ഞാനത് കാര്യമായി എടുത്തില്ല. കാരണം എല്ലാ സൂപ്പർ സ്റ്റാറുകളും നമ്മളടുത്ത് രാത്രി ഭക്ഷണം ഒരുമിച്ചു കഴിക്കാന്നൊക്കെ പറയുന്നതാണ്. പക്ഷേ അവരാരും അത് കാര്യമായിട്ട് പറയുന്നതല്ല. അതുപോലായിരിക്കും എന്നൊക്കെ കരുതി ഞാനത് വിട്ടു.
അങ്ങനെ ഞാനും നടൻ വിജയകുമാറും കൂടി രാത്രി ഷോപ്പിംഗിനിറങ്ങി. പത്തുമണിക്കാണ് തിരിച്ചെത്തിയത്. ഹോട്ടൽ റിസപ്‌ഷനിൽ എത്തിയപ്പോൾ, ഒരു കെട്ട് മെസേജ് വന്നിരിക്കുവാ. ഓരോ പതിനഞ്ച് മിനുട്ട് കൂടുമ്പോഴും രജനി സാർ വിളിച്ചിരിക്കുന്നു. ഞാൻ ഓടി സാറിന്റെ റൂമിലെത്തി. ചെല്ലുമ്പോൾ നല്ല വെള്ള വസ്ത്രമൊക്കെ ധരിച്ച് ഭസ്‌മക്കുറിയൊക്കെ തൊട്ട് ഇരിക്കുവാണ് രജനി. ഞാൻ ക്ഷമ ചോദിച്ചു. അതൊന്നും സാരമില്ലെന്ന് പറഞ്ഞ് എന്നെ വിളിച്ചിരുത്തി.
ഞങ്ങൾ ഒരുപാട് കാര്യങ്ങൾ പറഞ്ഞിരുന്നു. ഒടുവിൽ ചോദ്യം പ്രേമത്തെ കുറിച്ചായി. 'ദേവൻ സാർ ഉങ്കൾക്ക് ഫസ്‌റ്റ് ലവ് ഇരുക്കാ' എന്ന് രജനി സാർ എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു, ഇരുക്ക് സാർ ആർക്കില്ല. ഞാനും അദ്ദേഹത്തോട് ആ ചോദ്യം തന്നെ ചോദിച്ചു. ആമ ഇരുക്ക് എന്ന് സാർ പറഞ്ഞു. സൊല്ലുങ്ക സാർ എന്ന് പറഞ്ഞപ്പോൾ അദ്ദേഹം അത് പറഞ്ഞു.
അദ്ദേഹം ബസ് കണ്ടക്‌ടറായിരിക്കെ ഒരിക്കൽ ഒരു പെൺകുട്ടി വന്നിട്ട് ഫ്രണ്ട് ഡോർ വഴി കയറി. തടയാൻ ശ്രമിച്ചെങ്കിൽ കൈ തട്ടി മാറ്റി അവർ കയറി ഇരുന്നു. ഇവര് കൊള്ളാമല്ലോന്ന് അന്നുതന്നെ രജനിക്ക് തോന്നി. അങ്ങനെ ദിവസവും കാണാൻ തുടങ്ങിയതോടെ അവർ തമ്മിൽ പ്രണയമായി. ആ കുട്ടി എം.ബി.ബി.എസിന് പഠിക്കുവാണ് നിർമ്മല എന്നാണ് പേര്. നിമ്മി എന്നാണ് വിളിക്കുക. ഒരുദിവസം സാർ അഭിനയിക്കുന്ന നാടകം കാണാൻ അവരെ ക്ഷണിച്ചു. പിന്നീട് കുറേ ദിവസം കഴിഞ്ഞപ്പോൾ ചെന്നൈ അഡയാർ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്ന് രജനി സാറിന് ഒരു ഇന്റർവ്യൂ കാർഡ് വന്നു. സാർ അങ്ങനൊരു അപേക്ഷ അയച്ചിട്ടു കൂടി ഉണ്ടായിരുന്നില്ല. ഒടുവിലാണ് അറിഞ്ഞത് നിർമ്മലയാണ് അപേക്ഷ അയച്ചതെന്ന്. സാറിന്റെ നാടകം കണ്ട് അവർക്ക് തോന്നിയിരുന്നത്രേ. രജനികാന്തിൽ വലിയൊരു നടനുണ്ടെന്ന്. അങ്ങനെ അവർ കൊടുത്ത 500 രൂപയുമായാണ് സാർ ചെന്നൈയിലേക്ക് വണ്ടി കയറിയത്.
പിന്നീട് ഇവരെ തിരഞ്ഞ് ഒരുപാട് അന്വേഷിച്ചെങ്കിലും പെട്ടൊന്നൊരുനാൾ വീട് മാറി പോയി എന്ന വിവരമാണ് രജനിക്ക് ലഭിച്ചത്. പിന്നീട് ഇന്നുവരെ നിർമ്മല എന്ന തന്റെ പ്രണയിനിയെ കാണാൻ രജനികാന്തിന് കഴിഞ്ഞിട്ടില്ല. എവിടെ പോയാലും ആദ്യം തിരയുന്ന മുഖം തന്റെ നിമ്മിയുടെതാണെന്ന് പറഞ്ഞ് ഒരു കൊച്ചു കുഞ്ഞിനെ പോലെ അന്ന് രജനികാന്ത് തന്റെ മുന്നിൽ പൊട്ടികരഞ്ഞുവെന്ന് ദേവൻ പറയുന്നു'.