nambi-narayanan

കൊച്ചി: 'ചന്ദ്രയാൻ 2' ചാന്ദ്രദൗത്യം പൂർണ പരാജയമെന്ന് ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞനും പദ്മഭൂഷൺ ജേതാവുമായ നമ്പി നാരായണൻ. ദൗത്യം 98 ശതമാനവും വിജയമായിരുന്നെന്ന ഐ.എസ്.ആർ.ഒയുടെ വാദം പൊള്ളയാണെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശ രംഗത്ത് ഏഷ്യൻ രാജ്യങ്ങൾ ഒത്തുപ്രവർത്തിക്കേണ്ട സമയമാണിതെന്നും നമ്പി നാരായണൻ ചൂണ്ടിക്കാട്ടി. ചന്ദ്രന്റെ ഉപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുക എന്നതായിരുന്നു ചന്ദ്രയാൻ 2വിന്റെ ലക്ഷ്യമെന്നും എന്നാൽ ആ ലക്ഷ്യമാണ് പരാജയപ്പെട്ടതെന്നും നമ്പി നാരായണൻ പറയുന്നു.

എന്നാൽ ഈ പരാജയം 98 ശതമാനം വിജയമെന്ന് ജനങ്ങൾക്ക് മുൻപിൽവിളിച്ചുപറയാൻ ഐ.എസ്.ആർ ഒയ്ക്ക് എങ്ങനെയാണ് ധൈര്യം വന്നതെന്നും ഐ.എസ്.ആർ.ഒയിലെ മുൻ ശാസ്ത്രജ്ഞൻ ചോദിക്കുന്നു. പദ്ധതി നൂറ് ശതമാനവും പരാജയമായിരുന്നുവെന്ന് ഐ .എസ്.ആർ.ഒ സമ്മതിക്കുന്നതാണ് ഔചിത്യമെന്നും നമ്പി നാരായണൻ പറഞ്ഞു. യൂറോപ്യൻ സ്പേസ് ഏജൻസിയുടേത് പോലെ ബഹിരാകാശ രംഗത്ത് ഏഷ്യൻ രാജ്യങ്ങളുടെ ഒരു കൂട്ടായ്മ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബഹിരാകാശ രംഗത്ത് സഹകരണം വരികയാണെങ്കിൽ ഏഷ്യൻ രാജ്യങ്ങൾക്ക് മൊത്തത്തിൽ അത് ഗുണമായി ഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.