കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ദമ്പതികളായ ഇഷാനും സൂര്യയും ഒരു കാത്തിരിപ്പിലാണ്. ആ കാത്തിരിപ്പ് മറ്റൊന്നിനും വേണ്ടിയല്ല,സ്വന്തമായൊരു കുഞ്ഞിന് ജന്മം നൽകാൻ വേണ്ടിയാണ്. കാലം കുറച്ചായി സ്വന്തം ശരീരത്തിൽ നിന്നൊരു കുഞ്ഞ് എന്ന തീവ്രമായ മോഹം സൂര്യയിൽ ഉടലെടുത്തിട്ട്. പങ്കാളിയുടെ സ്വപ്നത്തിന് കാവലായി ഇഷാനും ഉണ്ട്. ആ സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് അടുക്കുകയാണ് ഇപ്പോൾ.
വലിയ വെല്ലുവിളികളാണ് ഉള്ളതെങ്കിലും കുഞ്ഞിന് ജന്മം നൽകണമെന്ന ദൃഢനിശ്ചയം ഈ ദമ്പതികളെ മുന്നോട്ട് നയിച്ചു. അതിനെക്കുറിച്ച് ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് സൂര്യയും ഇഷാനും.
'ഒത്തിരി സർജറികളിലൂടെയാണ് ഒരു കുഞ്ഞിന് ജന്മം നൽകാൻ ഞങ്ങൾക്ക് സാധിക്കുകയുള്ളു. അത് തന്നെ ജീവൻ പണയപ്പെടുത്തിയിട്ടുള്ള ഒരു യാത്രയാണ്. അത് എന്ത് തന്നെയായാലും ഇത്തരം ടെക്നോളജികൾ നമ്മുടെ നാട്ടിൽ പുതിയതായി പരീക്ഷിക്കാനും ഇനിവരുന്ന ഞങ്ങളുടെ കമ്മ്യൂണിറ്റിക്ക് ഒരു പാതയുണ്ടാക്കുകയെന്നതാണ് ഞങ്ങളുടെ ആഗ്രഹം'-സൂര്യ പറഞ്ഞു. യൂട്രസ് ഒരു ട്രാൻസ്‌വുമൺ സ്വീകരിച്ചതിന് ശേഷം ആറുമാസം വരെ അവരുടെ ശരീരം അത് ഉൾക്കൊള്ളുമോ എന്ന് നോക്കണം. ആറ് മാസം കഴിഞ്ഞ് ഓകെയാണെങ്കിൽ കുഞ്ഞിന് ജന്മം നൽകാൻ സാധിക്കും. ഗർഭാവസ്ഥയിലും സൂക്ഷിക്കണം.