ലക്‌നൗ: ഉത്തർ പ്രദേശിലെ ഹിന്ദു സമാജ് പാർട്ടി സ്ഥാപകനായ കമലേഷ് തിവാരിയെ കൊലപ്പെടുത്തിയത് ബി.ജെ.പി നേതാവാണെന്ന ആരോപണവുമായി കമലേഷിന്റെ അമ്മ. ബി.ജെ.പി നേതാവ് ശിവ് കുമാർ ഗുപ്തയാണ് തന്റെ മകനെ കൊലപ്പെടുത്തിയതെന്നാണ് ഇവർ ആരോപിക്കുന്നത്. കമലേഷിന്റെ കൊലപാതകത്തിന്റെ ഉത്തരവാദി ആരാണെന്നുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള ഉത്തരമായാണ് ഇവർ ശിവ് കുമാർ ഗുപ്തയുടെ പേര് പറഞ്ഞത്. ലക്‌നൗവിലെ സീതാപൂർ ജില്ലയിലെ മഹ്മുദാബാദ് സ്വദേശിയായിരുന്നു കമലേഷ് തിവാരി.
'അത് ശിവ്കുമാർ ഗുപ്തയാണ്. ഒരു ബി.ജെ.പി നേതാവ്. ലക്‌നൗവിലെ ആരും എന്നോട് ഒന്നും ചോദിച്ചില്ല. എനിക്കെന്ത് വേണമെന്ന് അവർ ചോദിച്ചു, എന്റെ മകന്റെ മൃതദേഹം എനിക്ക് വേണമെന്ന് ഇതിന് ഞാൻ മറുപടി നൽകി. എന്നെ കൊന്നുകളഞ്ഞാലും ശരി എന്റെ മകനെ കൊലപ്പെടുത്തിയവരെ ഞാൻ വെറുതെ വിടില്ല. ഗുപ്തയെ പിടികൂടി ചോദ്യം ചെയ്യാൻ ഞാൻ പൊലീസുകാരോട് പറഞ്ഞിരുന്നു. എന്നാൽ അവരെന്റെ വാക്കുകൾ കേട്ടില്ല. തത്തേരിയിൽ താമസിക്കുന്ന ഗുപ്ത എന്ന 'മാഫിയ'യ്ക്കെതിരെ 500 കേസുകൾ നിലവിലുണ്ട്. ഗുപ്ത അടുത്തിടെ ഒരു ക്ഷേത്രത്തിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തിരുന്നു. ക്ഷേത്രത്തിന്റെ നിർമാണപ്രവർത്തനങ്ങൾ സംബന്ധിച്ചുണ്ടായ വഴക്ക് കാരണമാണ് അയാൾ എന്റെ മകനെ കൊന്നത്' തിവാരിയുടെ അമ്മ പറയുന്നു.
നേരത്തെ, രണ്ട് മുസ്ലിം മതപണ്ഡിതന്മാരാണ് തന്റെ ഭർത്താവിനെ കൊലപ്പെടുത്തിയതെന്ന് ആരോപിച്ച് തിവാരിയുടെ ഭാര്യ രംഗത്ത് വന്നിരുന്നു. മുഹമ്മദ് മുഫ്തി നയീം, അൻവറുൾ ഹഖ്, എന്നീ രണ്ടുപേർ തിവാരിയുടെ തലയ്ക്ക് പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. 2016ൽ പ്രവാചകനെതിരെ തിവാരി നടത്തിയ ഒരു മോശം പരാമർശത്തിനെതിരെയായിരുന്നു ഇവരുടെ ഈ പ്രഖ്യാപനം. ഇവരെ ഇരുവരെയും ഉത്തർ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല നടന്ന ദിവസം ഒരു സ്ത്രീയും കാവിവസ്ത്രം ധരിച്ച രണ്ടു പുരുഷന്മാരും തിവാരിയുടെ വീട്ടിലേക്ക് എത്തിയിരുന്നതായും ഇവർ 36 മിനിറ്റ് നേരം തിവാരിയുടെ ഒപ്പം ചിലവഴിച്ചതായും പൊലീസ് പറയുന്നു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.