പൊലീസ് സേനയ്ക്കാകെ പ്രസരിപ്പ് പകരുന്ന സാന്നിദ്ധ്യമായിരുന്നു വി.ആർ.രാജീവൻ സാറിന്റേത്. കൃത്യനിർവഹണത്തിൽ വേഗവും കണിശതയും പാലിക്കുന്നതിൽ അദ്ദേഹം ഒരിക്കലും വീട്ടുവീഴ്ച കാണിച്ചിരുന്നില്ല. എല്ലാവരോടും സൗമ്യമായ പെരുമാറ്റം. വളരെ കുലീനമായ വസ്ത്രധാരണം. സിനിമതാരങ്ങളെ അനുസ്മരിപ്പിക്കും വിധം സുമുഖൻ. മുഴക്കമാർന്ന സ്വരം.ഇങ്ങനെ ഒരുപാട് പ്രത്യേകതകളുള്ള തിളക്കമാർന്ന വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം.
സർവ്വീസിന്റെ ഭാഗമായി പരിശീലനം കഴിഞ്ഞ് ഞാൻ കേരളത്തിലേക്ക് ആദ്യമായി വരുമ്പോഴാണ് ഞങ്ങൾ തമ്മിൽ പരിചയപ്പെടുന്നത്. അന്നദ്ദേഹം കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറായിരുന്നു. എല്ലാ ജില്ലകളിലും ഞങ്ങളുടെ ബാച്ചിലുള്ളവർക്ക് പോകേണ്ടതുണ്ട്. അതിൽ കോഴിക്കോട് നിന്നാണ് ഞങ്ങൾ എല്ലാവർക്കും ആഹ്ളാദകരമായ സ്വാഗതം ലഭിച്ചത്. ആ ഊഷ്മളത അദ്ദേഹത്തിൽ നിന്ന് സർവ്വീസ് കാലയളവിലുടനീളം എനിക്കനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്. എനിക്കെന്നല്ല അദ്ദേഹവുമായി ഒപ്പം പ്രവർത്തിച്ചിട്ടുളള സേനയിലെ എല്ലാവരുടേയും അനുഭവം മറ്റൊന്നാകില്ല. അദ്ദേഹത്തിന്റെ കീഴിൽ പലവട്ടം പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചു. അദ്ദേഹം ദക്ഷിണമേഖലാ ഐ.ജിയായിരിക്കുമ്പോൾ ഞാൻ എറണാകുളം ഡി.ഐ.ജിയായിരുന്നു. ഞാൻ ഐ.ജിയായപ്പോൾ അദ്ദേഹം എ.ഡി.ജി.പി ദക്ഷിണമേഖലയായിരുന്നു. അദ്ദേഹം ഇന്റലിജൻസ് എ.ഡി.ജി.പി ആയിരുന്നപ്പോൾ ഞാൻ ഡി.ഐ.ജി ഇന്റലിജൻസ് ആയും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.
ഒൗദ്യോഗിക കാലയളവിൽ ദീർഘകാലവും ക്രമസമാധാനപാലനച്ചുമതല വഹിച്ച ഓഫീസറായിരുന്നു അദ്ദേഹം. പൊതുസമൂഹവുമായി ഉറ്റബന്ധം നിലനിറുത്തുന്നതിനോടൊപ്പം തന്നെ ഒരു പൊലീസ് ഓഫീസർ പാലിക്കേണ്ട അകലം നിലനിറുത്താൻ ബദ്ധശ്രദ്ധനുമായിരുന്നു. ജോലിചെയ്യുന്നതിൽ അദ്ദേഹം പുലർത്തിയിരുന്ന വേഗത എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. ഒരു പരാതി കിട്ടിയാൽ അതിവേഗം അതിൽ തീർപ്പ് കൽപ്പിക്കുന്നത് ഏറ്റവും വലിയ പ്രത്യേകതയായിരുന്നു. ഈ വേഗം കാണുമ്പോൾ കാര്യങ്ങൾ എല്ലാം മനസ്സിലാക്കിയിട്ടാണോ അദ്ദേഹം നടപടി സ്വീകരിക്കുന്നതെന്ന് തുടക്കത്തിൽസംശയം തോന്നി. എന്നാൽ എത്ര സൂക്ഷ്മമായും ജാഗ്രതയോടുമാണ് അദ്ദേഹം നടപടികൾ കൈക്കൊള്ളുന്നതെന്ന് തിരിച്ചറിയാനായപ്പോൾ വിസ്മയം തോന്നാതിരുന്നില്ല. ഞങ്ങൾ ഉദ്യോഗസ്ഥരെ അത്ഭുതപ്പെടുത്തിയിരുന്ന മറ്റൊരു കാര്യം അദ്ദേഹത്തിന്റെ മേശപ്പുറം എപ്പോഴും ക്ളീനായിരിക്കുമെന്നതാണ്. ഒരു ഫയലും പെൻഡിംഗിൽ വയ്ക്കില്ല. വർക്കഹോളിക്ക് എന്ന് വിശേഷിപ്പിക്കാവുന്ന പ്രകൃതമായിരുന്നു.
തന്റെയൊപ്പം പ്രവർത്തിക്കുന്നവരായാലും ഐ.പി.എസ്.ട്രെയിനികളായാലും അവരോടെല്ലാം വളരെ സൗഹാർദ്ദപരമായിട്ടേ പെരുമാറിയിരുന്നുള്ളൂ. അതേസമയം തന്നെ അച്ചടക്കം പാലിക്കുന്നതിലും ഡ്യൂട്ടി നിർവഹിക്കുന്നതിലും കർശനക്കാരനായ മേലുദ്യോഗസ്ഥനുമായിരുന്നു. മാർഗനിർദ്ദേശം നൽകാൻ മടിക്കില്ല. എന്റെ ബാച്ച്മേറ്റ് ആയിരുന്ന അരുൺകുമാർ സിൻഹ (സീനിയർ) അദ്ദേഹത്തിന്റെ കീഴിൽ എ.എസ്.പിയായി പ്രവർത്തിച്ചപ്പോൾ ഉള്ള ഒരനുഭവം പറഞ്ഞതോർക്കുന്നു. നൈറ്റ് പട്രോളിംഗിനു എ.എസ്.പി കൃത്യമായും പോയിരിക്കണമെന്ന് സാറിന് നിർബന്ധമായിരുന്നു. വെറുതെ പോയെന്ന് പറഞ്ഞാൽ മാത്രം പോരാ, രാത്രി എത്ര വൈകി തിരിച്ചെത്തിയാലും വിശദാംശങ്ങൾ സഹിതം അദ്ദേഹത്തെ വിളിച്ചറിയിച്ചിരിക്കുകയും വേണം. ഏത് പാതിരാത്രിക്കും അദ്ദേഹത്തെ വിളിക്കാം.
അദ്ദേഹം ഇന്റലിജൻസ് മേധാവിയായിരിക്കുമ്പോൾ ഓരോ കേസിനെക്കുറിച്ചും അപ്ഡേറ്റഡ് ആയിരുന്നു. കൃത്യമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞിരിക്കും. സേനയെ മുന്നിൽ നിന്ന് നയിക്കും.ഒരു പ്രശ്നമുണ്ടായാൽ അദ്ദേഹം നേരിട്ട് അവിടെയെത്തിയിരിക്കും. ചെറിയതുറ വെടിവയ്പ്പ് നടന്നപ്പോൾ അദ്ദേഹം ദക്ഷിണ മേഖലാ എ.ഡി.ജി.പി.യായിരുന്നു. ഞാൻ തിരുവനന്തപുരം റേഞ്ച് ഐ.ജിയും ഗോപിനാഥ് കമ്മിഷണറുമായിരുന്നു. ഗോപി വ്യക്തിപരമായ ആവശ്യത്തിന് അവധിയിലും. ഞാനാകട്ടെ മറ്റൊരു അത്യാവശ്യകാര്യവുമായി ബന്ധപ്പെട്ട് എറണാകുളത്ത് ആയിരുന്നതിനാലും എത്താൻ വൈകി. പക്ഷേ അതുവരെ അദ്ദേഹം നേരിട്ടെത്തി കാര്യങ്ങൾ നിയന്ത്രിച്ചു. എ.ഡി.ജി.പി എന്ന നിലയിൽ അദ്ദേഹത്തിന് അവിടെ പോകേണ്ട കാര്യമില്ലെങ്കിൽപ്പോലും. ഫീൽഡിൽ നിന്ന് നയിച്ച ഓഫീസറായിരുന്നു രാജീവൻ സാർ.
ഒപ്പം പ്രവർത്തിക്കുന്നവരുടെ കുടുംബകാര്യങ്ങളും ക്ഷേമവും അന്വേഷിക്കും ആർക്കും സമീപിക്കാം. നേരത്തേ സൂചിപ്പിച്ചതുപോലെ ഗാംഭീര്യമുള്ള സ്വരമായിരുന്നതിനാൽ റിപ്പബ്ളിക് ഡേയ്ക്കും സ്വാതന്ത്ര്യദിനത്തിനുമൊക്കെ അദ്ദേഹത്തിന്റെ മുഴക്കമാർന്ന സ്വരം അനൗൺസ്മെന്റുകളിലൂടെ മുഴങ്ങിയിട്ടുളളത് ഓർക്കുന്നു. അദ്ദേഹം ഒരു പെർഫക്ഷനിസ്റ്റ് ആയിരുന്നു. വീട്ടുകാര്യങ്ങളിൽ വലിയശ്രദ്ധ പുലർത്തിയിരുന്നു. വീട്ടിലെ ഗാർഡനിംഗിൽപ്പോലും അദ്ദേഹത്തിന്റെ ശ്രദ്ധ പതിഞ്ഞിരുന്നു.
അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ച ശേഷവും വിളിക്കുകയും എറണാകുളത്ത് പോകുമ്പോഴൊക്കെ ഞാൻ പോയി കാണുകയും ചെയ്തിരുന്നു. ആറുമാസം മുമ്പാണ് അദ്ദേഹത്തെ അവസാനമായി സന്ദർശിച്ചത്. ഞാനും അരുൺകുമാർ സിൻഹയുമൊത്താണ് പോയിക്കണ്ടത്. രോഗമുക്തനായി വരുന്നതായിട്ടാണ് അന്നദ്ദേഹം പറഞ്ഞത്. അതുകഴിഞ്ഞ് മകന്റെയടുത്ത് അമേരിക്കയിൽ പോയതായും കേട്ടു. പെട്ടെന്നുണ്ടായ ഒരു വീഴ്ചയിൽ സംഭവിച്ച പരിക്ക് അദ്ദേഹത്തെ ശയ്യാവലംബിയാക്കുകയായിരുന്നുവെന്നാണ് മനസിലാക്കുന്നത്. 69-ാം വയസിലാണ് രാജീവൻ സാറിന്റെ വേർപാട്. അത് വളരെ നേരത്തെയായിപ്പോയെന്ന് ദുഃഖത്തോടെ മാത്രമേ പറയാനാവൂ. മികച്ച പൊലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ മാത്രമല്ല, സ്നേഹോഷ്മളമായ പെരുമാറ്റത്തിന്റെ സൗരഭ്യത്താലും അദ്ദേഹത്തിന്റെ ഓർമ്മകൾ എന്നും മായാതെ നിൽക്കുമെന്നതിൽ എനിക്ക് സംശയമില്ല. ആദരാജ്ഞലികൾ.
(സംസ്ഥാന മുഖ്യവിവരാവകാശ കമ്മിഷണറും മുൻ ഡി.ജി.പിയുമായ ലേഖകൻ വി.എസ്.രാജേഷിനോട് പറഞ്ഞത് )