താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരകളിൽ മുഖ്യപ്രതി ജോളിക്കുവേണ്ടി അഡ്വ. ബി.എ ആളൂർ വക്കാലത്ത് ഏറ്റെടുത്തതിനെതിരെ അഭിഭാഷകർ. ജോളിയുടെ അറിവില്ലാതെയാണ് ആളൂർ വക്കാലത്ത് ഏറ്റെടുത്തതെന്ന് സംശയിക്കുന്നതായി താമരശ്ശേരി ബാർ അസോസിയേഷൻ പ്രസിഡന്റ് എ.ടി രാജുവാണ് കോടതിയിൽ അറിയിച്ചത്.
സ്വന്തം പ്രശസ്തിക്കായി ആളൂർ ജോളിയെ ഉപയോഗിക്കുന്നതായി സംശയമുണ്ടെന്നും, കോടതി ഈ വിഷയത്തിൽ ഇടപെടണമെന്നും അഭിഭാഷകരും പറഞ്ഞു. വക്കീലിനെ നിയമിക്കാൻ പ്രാപ്തി ഇല്ലാത്ത ഒരു പ്രതിക്ക് ആവശ്യമെങ്കിൽ നിയമ സഹായം നൽകാം,ആളെ നിയമിക്കേണ്ടത് കോടതിയാണ്. എന്നാൽ ജോളിയെപ്പോലെ വിദ്യാസമ്പന്നയായ ഒരു സ്ത്രീക്ക് വക്കീലിനെ തീരുമാനിക്കാൻ പ്രാപ്തിയുണ്ടെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി.
അതേസമയം, ഭർത്താവ് റോയിയുടെ കൊലപാതകക്കേസിൽ ജോളിയുടേതുൾപ്പെടെ മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജോളിയെ ചോദ്യം ചെയ്യാനായി കസ്റ്റഡയിൽ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം തിങ്കളാഴ്ച കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.