kjamalesh-tiwari-

ലക്‌നൗ: ഹിന്ദു മഹാസഭ മുൻ അദ്ധ്യക്ഷനും ഹിന്ദു സമാജ് പാർട്ടി നേതാവുമായ കമലേഷ് തിവാരിയുടെ കൊലപാതകത്തിൽ അഞ്ചു പേർ അറസ്റ്റിൽ. മൂന്ന് പേരെ ഗുജറാത്തിൽനിന്നും രണ്ടുപേരെ യു.പിയിലെ ബിജ്നോർ ജില്ലയിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്. മൗലാന മൊഹ്‌സിൻ ഷെയ്ഖ (24), റഷീദ് അഹമ്മദ് പഥാൻ (23), ഫൈസാൻ (21) എന്നിവരാണ് ഗുജറാത്തിൽ നിന്ന് അറസ്റ്റിലായത്. ഇനിയും രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്.

ഉത്തർപ്രദേശിലെ ഖുർഷിദ്ബാഗിലുള്ള കമലേഷ് തിവാരിയുടെ വസതിയിലെത്തിയ പ്രതികൾ മധുരം നൽകാനെന്നുപറഞ്ഞ് ഒരു പൊതിയുമായി അകത്തുകയറി അതിലൊളിപ്പിച്ച തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ തിവാരിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തുനിന്ന് പലഹാരങ്ങൾ അടങ്ങിയ ബാഗു കണ്ടെത്തിയിരുന്നു. ഇതാണ് 24 മണിക്കൂറിനകം പ്രതികളെ പിടികൂടാൻ സഹായിച്ചത്. വസതിയിൽ പ്രവേശനം നേടാൻ മറ്റുള്ളവരെ കബളിപ്പിക്കാനായി കൈയിൽ കരുതിയ മിഠായി പെട്ടി വാങ്ങിയത് ഫൈസാൻ ആണെന്ന് പൊലീസ് പറഞ്ഞു. തിവാരിയുടെ വീടിനു പുറത്തുനിന്ന് പ്രതികളുടെ ദൃശ്യങ്ങൾ പൊലീസ് നേരത്തെ കണ്ടെടുത്തിരുന്നു. ദൃശ്യങ്ങളിൽ നിന്നു ഗുജറാത്തിലെ സൂറത്തിൽ നിന്നാണ് പലഹാരങ്ങൾ വാങ്ങിയതെന്നു വ്യക്തമാണെന്നും അതാണ് അന്വേഷണത്തിനു സഹായകമായതെന്നും പൊലീസ് വ്യക്തമാക്കി.

യു.പിയിൽ ഈ മാസം വിവിധ ആക്രമണങ്ങളിലായി മൂന്ന് ബി.ജെ.പി നേതാക്കൾ കൊല്ലപ്പെട്ടിരുന്നു. അതേസമയം, തിവാരിയുടെ ഭാര്യ കിരൺ തിവാരി വെള്ളിയാഴ്ച രാത്രി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിക്കണമെന്നും ഭർത്താവിന്റെ കൊലയാളികളെ കണ്ടെത്തിയില്ലെങ്കിൽ കുട്ടികളോടൊപ്പം ആത്മഹത്യ ചെയ്യുമെന്നും ഭീഷണി മുഴക്കിയിരുന്നു. ഖുർഷിദ്ബാഗിൽ വീടിനടുത്തുള്ള ഓഫിസിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കമലേഷ് തിവാരി (43) കൊല്ലപ്പെട്ടത്. കമലേഷിന്റെ വസതിയിലെത്തിയ കൊലയാളികൾ അദ്ദേഹത്തെ കുത്തി വീഴ്ത്തിയ ശേഷം വെടിയുതിർക്കുകയായിരുന്നു.

2017-ലാണ് തിവാരി ഹിന്ദു സമാജ് പാർട്ടി രൂപവത്കരിച്ചത്. പ്രവാചകൻ നബിക്കെതിരേയുള്ള വിവാദപരാമർശത്തിന് ദേശീയസുരക്ഷാ നിയമപ്രകാരം തിവാരി അറസ്റ്റിലായിരുന്നു. അടുത്തിടെ അലഹബാദ് ഹൈക്കോടതിയാണ് ആ കേസ് റദ്ദാക്കിയത്.