കൊല്ലം: കാപ്പെക്‌സ് അയച്ച കശുഅണ്ടി പരിപ്പ് തിരുപ്പതി ക്ഷേത്രം അധികൃതർ നിരസിച്ചത് കൊല്ലം പരിപ്പിന് കേരളത്തിന് പുറത്തെ മാർക്കറ്റിൽ ലഭിച്ചിരുന്ന വൻ സ്വീകാര്യതയ്‌ക്ക് തിരിച്ചടിയാകുമോയെന്ന് കശുഅണ്ടി മേഖലയിൽ ആശങ്ക. ഓർഡർ പ്രകാരം ഒക്‌ടോബർ ആദ്യ വാരം അയച്ച അഞ്ച് ടൺ കശുഅണ്ടി പരിപ്പാണ് നിരസിച്ചതായി അറിയിപ്പ് വന്നത്. ക്ഷേത്രത്തിലെ പ്രധാന വഴിപാട് ഇനമായ ലഡുവിലെ ചേരുവ എന്ന നിലയിലാണ് കശുഅണ്ടി പരിപ്പിന് കാഷ്യു കോർപ്പറേഷനും കാപ്പെക്‌സിനും ഒരേസമയം ഓർഡർ ലഭിച്ചത്.
ഇതേ കാലയളവിൽ കാഷ്യു കോർപ്പറേഷൻ അയച്ച 10 ടൺ പരിപ്പ് അവിടെ നടന്ന ഗുണനിലവാര പരിശോധനയിൽ പാസായതായും ഇന്നലെ ഔദ്യോഗിക അറിയിപ്പ് വന്നു. ഇതേതുടർന്ന് കോർപ്പറേഷന് തിരുപ്പതിയിൽ നിന്ന് 100 ടൺ പരിപ്പിന് കൂടി കരാർ ലഭിച്ചതായി കോർപ്പറേഷൻ വൃത്തങ്ങൾ പറയുന്നു. അതിൽ 10 ടൺ അടുത്ത ദിവസങ്ങളിൽ തന്നെ പുറപ്പെടും. എന്നാൽ കാപ്പെക്‌സ് പരിപ്പ് നിരസിച്ചത് ഗുണനിലവാര കുറവിനെ തുടർന്നല്ലെന്ന് കാപ്പെക്‌സ് വൃത്തങ്ങൾ പറയുന്നു. പൊടിയുടെ അംശം കൂടുതൽ കണ്ടെത്തിയതാണ് കാപ്പെക്‌സ് പരിപ്പിന് വിനയായത്. നിരസിച്ച പരിപ്പ് ഒക്‌ടോബർ 20 നകം അവിടെ നിന്ന് തിരികെ എടുക്കാത്ത പക്ഷം പിഴ ഈടാക്കുമെന്ന് ദേവസ്വം അധികൃതർ കാപ്പെക്‌സിനെ അറിയിച്ചിട്ടുണ്ട്.
പൊടിയുടെ അംശം കൂടിയെന്ന സാങ്കേതിക പ്രശ്‌നം കൊണ്ട് അഞ്ച് ടൺ നിഷേധിച്ചെങ്കിലും തുടർന്നും ഓർഡർ ലഭിച്ചിട്ടുണ്ടെന്നും ആ പരിപ്പ് എത്തിക്കുന്ന വേളയിൽ നിരസിച്ച അഞ്ച് ടൺ തിരികെ എടുക്കുമെന്നും കാപ്പെക്‌സ് വൃത്തങ്ങൾ പറയുന്നു. കൊല്ലത്തെ സ്വകാര്യ വ്യവസായികൾക്ക് വർഷങ്ങളായി ലഭിച്ചിരുന്ന ഓർഡറാണ് അടുത്തിടെ പൊതുമേഖലാ സ്ഥാപനങ്ങളായ കാപ്പെക്‌സിനും കോർപ്പറേഷനും ലഭിച്ചത്. വൻ ആഘോഷമായിട്ടായിരുന്നു പരിപ്പുമായി ലോറികൾ പുറപ്പെട്ടത്. ഇന്ത്യൻ ഗ്രേഡ് എന്നറിയപ്പെടുന്ന വിവിധ പിളർപ്പ് ഇനങ്ങളാണ് തിരുപ്പതിയിലേക്ക് ആവശ്യം. കൊല്ലത്ത് നിന്നുള്ള ഈ ഇനം ആന്ധ്രയിലെയും ഉത്തരേന്ത്യയിലെയും മാർക്കറ്റിൽ ഏറെ പ്രിയങ്കരമാണ്.